ലണ്ടന്‍: വേദനാസംഹാരികള്‍ നിരന്തരം ഉപയോഗിക്കുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്ന് റിപ്പോര്‍ട്ട്. സന്ധിവാതമുള്പ്പെടെയുള്ള അംഗവൈകല്യരോഗങ്ങള്ക്ക് സ്ഥിരമായി ഉപയോഗിക്കുന്ന ഇബുപ്രൊഫെന്‍ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകും. 30,000ത്തിലധികം രോഗികളില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്.
ഹൃദയസ്പനന്ദനത്തിലുണ്ടാവുന്ന ഈ വര്‍ധനവ് സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയ പ്രശ്നങ്ങളിലേക്കും അതുവഴി മരണത്തിലേക്കും നയിക്കും. ബ്രിട്ടനില്‍ ഇബുപ്രൊഫെന്‍ ഉപയോഗിക്കുന്ന 9മില്യണ്‍ ആളുകളില്‍ 700,000ത്തോളം ആളുകള്‍ക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സാധാരണ ഉപയോഗിക്കുന്ന വേദനാസംഹാരികളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധമാണ് ഈ പഠനത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ കാര്‍ഡിയാക് നഴ്സ് നതാഷ സ്റ്റുവാര്‍ട്ട് പറയുന്നു. എന്നാല്‍ ഇത്തരം മരുന്നുകള്‍ ഹൃദയസ്പന്ദനത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതിനുള്ള റിസ്ക് ഇപ്പോഴും കുറവാണ്. ഗുരുതരമായ മറ്റ് രോഗങ്ങള്‍ പിടിപെട്ട മുതിര്‍ന്നവരിലാണ് ഇതിന്റെ അപകടം കൂടുന്നതെന്നും അവര്‍ വ്യക്തമാക്കി.
നോണ്‍ സ്റ്റീരിയോഡല് ഡ്രഗ്സ് ഉണ്ടാക്കുന്ന റിസ്ക് 40%മാണെങ്കില്‍ കോക്സ്-2 പോലുള്ള പുതിയ വേദനാസംഹാരികള്‍ ഉണ്ടാക്കുന്ന റിസ്ക് 70%മാണ്. അതിനാല്‍ ഇത്തരം മരുന്നുകള്‍ ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്നത് കുറയ്ക്കണമെന്നും നതാഷ ആവശ്യപ്പെട്ടു.
രണ്ട് മാസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ കോക്സിബുകള്‍ ആയിരത്തില്‍ ഏഴാളുകള്ക്കും, എന്‍.എസ്.എ.ഐ.ഡി ആയിരത്തില്‍ നാലുപേര്‍ക്കും ആര്ട്ട്ര്യല് ഫൈബ്രിലേഷന് കാരണമാകുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വേദനാസംഹാരികള്‍ വൃക്കയ്ക്കും ഹൃദയത്തിനും, തകരാറുണ്ടാക്കുമെന്നും പക്ഷാഘാത്തിന് കാരണമാകുമെന്നും നേരത്തെയും ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവ ആര്ട്ട്ര്യല് ഫൈബ്രിലേഷന് കാരണമാകുമെന്ന് തെളിഞ്ഞത് ഇതാദ്യമായാണ്. ദിവസവും വേദനാസംഹാരികള്‍ ഉപയോഗിക്കുന്ന ഹൃദ്രോഗികളില്‍ പക്ഷാഘാതത്തിനുള്ള സാധ്യത മൂന്ന് മടങ്ങാണെന്ന് അടുത്തിടെ നടന്ന ഒരുപഠനത്തില്‍ വ്യക്തമായിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല