സജീഷ് ടോം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി.വി. യുക്മ സ്റ്റാര്‍സിംഗര്‍ 3 ആദ്യ റൗണ്ടിന്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ഫെബ്രുവരി 12 വെള്ളിയാഴ്ച നടന്നു. ഇതോടെ മത്സരത്തിലെ എല്ലാ ഗായകരുടെയും ഓരോ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു. അഞ്ച് എപ്പിസോഡുകളിലായി പതിനഞ്ച് മത്സരാര്‍ത്ഥികള്‍ പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുമ്പോള്‍ സ്റ്റാര്‍സിംഗര്‍ 3 ചരിത്രം രചിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
നോര്‍ത്താംപ്ടണില്‍ നിന്നുള്ള ആനന്ദ് ജോണ്‍, നോട്ടിംഗ്ഹാമില്‍ നിന്നുള്ള രചന കൃഷ്ണന്‍, സ്ലവില്‍ നിന്നും എത്തിയ ജിജോ മത്തായി എന്നിവരാണ് ഇഷ്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡില്‍ പാടാനെത്തുന്നത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഒന്നിലും രണ്ടിലും മത്സരാര്‍ത്ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ പാടാന്‍ തെരഞ്ഞെടുത്ത ഗാനങ്ങള്‍, സ്റ്റാര്‍സിംഗര്‍ 3ല്‍ ആദ്യ റൗണ്ടില്‍ തന്നെ തെരഞ്ഞെടുത്തുകൊണ്ട് ഗായകര്‍ മത്സരത്തിന്റെ കാഠിന്യവും നിലവാരവും പ്രതിഫലിപ്പിക്കുന്നു എന്നത് സംഘാടകര്‍ക്ക് ഏറെ അഭിമാനത്തിന് വകനല്‍കുന്നു.
ശ്രീനിവാസന്റെ ഏറ്റവും ജനകീയയമായ ചിത്രങ്ങളില്‍ ഒന്നായ ‘വടക്കുനോക്കിയന്ത്ര’ത്തിലെ ‘മായാമയൂരം പീലിനീര്‍ത്തിയോ’ എന്ന് തുടങ്ങുന്ന സരള ഗംഭീരമായ ഗാനവുമായാണ് ആനന്ദ് ജോണ്‍ എത്തുന്നത്. കൈതപ്രം ജോണ്‍സന്‍ മാഷ് കൂട്ടുകെട്ടില്‍ വിരിഞ്ഞ മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍ ആണ്. ഇംഗ്ലണ്ടിലെ മിഡ്‌ലാന്‍ഡ്‌സിലുള്ള നോര്‍ത്താംപ്ടണ്‍ യുക്മ സ്റ്റാര്‍സിംഗര്‍ ചരിതത്തില്‍ പ്രാധാന്യമേറിയ ഒരു സ്ഥലനാമമാണ്. സീസണ്‍ 1 ലും സീസണ്‍ 2 ലും നോര്‍ത്താംപ്ടണില്‍ നിന്നും മൂന്ന് ഗായകര്‍ വീതം പങ്കെടുക്കുകയുണ്ടായി. സീസണ്‍ 2 ല്‍ മൂന്ന് ഗായകരും സെമിഫൈനലിലും രണ്ടുപേര്‍ ഗ്രാന്‍ഡ് ഫിനാലെയിലും എത്തിയിരുന്നു. ചരിത്രം ആവര്‍ത്തിക്കാന്‍ നോര്‍ത്താംപ്ടണില്‍ നിന്നും ഇതാ ആനന്ദ് എത്തുന്നു.
കെ എസ് ചിത്രക്ക് ദേശീയ അവാര്‍ഡ് വാങ്ങിക്കൊടുത്ത ‘വൈശാലി’യിലെ ‘ഇന്ദുപ്ഷം ചൂടിനില്‍ക്കും രാത്രി’ എന്ന ഗാനമാണ് നോട്ടിംഗ്ഹാമില്‍ നിന്നുള്ള രചനാ കൃഷ്ണന്‍ ആലപിക്കുന്നത്. ഒ എന്‍ വി കുറുപ്പിന്റെ രചനയില്‍ ബോംബെ രവി ചിട്ടപ്പെടുത്തിയ മനോഹരമായ ഈ ഗാനം രചനയുടെ കയ്യില്‍ സുരക്ഷിതമാകുന്നു.
ഇഷ്ടഗാന റൗണ്ടിലെ അവസാന ഗാനവുമായെത്തുന്നത് ജിജോ മത്തായിയാണ്. ‘ചെങ്കോല്‍’ എന്ന ചിത്രത്തിലെ ‘മധുരം ജീവാമൃത ബിന്ദു’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജിജോ സ്റ്റാര്‍സിംഗര്‍ 3 യില്‍ തന്റെ ഭാഗ്യപരീക്ഷണം നടത്തുന്നത്. കൈതപ്രം ജോണ്‍സണ്‍മാഷ് കൂട്ടുകെട്ടില്‍ പിറന്ന അതീവ ഹൃദ്യമായ മറ്റൊരുഗാനം. ഇതോടെ സവിശേഷമായ ഒരു റിക്കോര്‍ഡ് കൂടി സ്ഥാപിക്കപ്പെടുന്നുണ്ട്. ഇഷ്ടഗാന റൗണ്ടില്‍ പാടിയ പതിനഞ്ച് ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ജോണ്‍സണ്‍ മാഷും ആവുകയാണ്. അതോടൊപ്പം അവിചാരിതമായെങ്കിലും, കൈതപ്രം ജോണ്‍സണ്‍മാഷ് കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളാണ് കൂടുതല്‍ ഗായകരും ഇഷ്ടഗാന റൗണ്ടില്‍ ആലപിച്ചതെന്നതും മലയാള സിനിമാഗാനരംഗത്തെ ഈ മഹാരഥന്മാര്‍ക്ക് യുക്മ സ്റ്റാര്‍ സിംഗറിലെ ഗായകരുടെ പ്രണാമമായി മാറുന്നു.
ഈ എപ്പിസോഡോടുകൂടി ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യുടെ ആദ്യ സ്റ്റേജിലെ ആദ്യറൗണ്ടായ ഇഷ്ടഗാന റൗണ്ട് സമാപിക്കുകയാണ്. പുതിയൊരു റൗണ്ടുമായി അടുത്ത ആഴ്ച ഗായകര്‍ തിരികെയെത്തുന്നതാണ്. നമ്മുടെ ഈ പ്രവാസിലോകത്തിലെ ഗായക പ്രതിഭകളെ ലോകമലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന സ്റ്റാര്‍സിംഗര്‍ സംഗീത പരിപാടിയെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വം ഓര്‍മപ്പെടുത്തട്ടെ. ഇഷ്ട്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡ് താഴെ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല