ഈജിപ്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകളായ ട്വിറ്ററും ഫേസ്ബുക്കും നിരോധിച്ചു.
പ്രക്ഷോഭകാരികളെ സംഘടിപ്പിക്കുന്നതിനു യുവാക്കള്‍ ആശ്രയിക്കുന്ന സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ പ്രസിഡന്റ് ഹോസ്‌നി മുബാരക്കാണ് നിര്‍ദ്ദേശം നല്‍കിയത്.
ഈ സൈറ്റുകള്‍ക്കു പുറമെ വീഡിയോ ഷെയറിംഗ് സൈറ്റായ യുടൂബ്, ഹോട്ട്‌മെയില്‍, ഗൂഗിള്‍, ചൈനീസ് സേര്‍ച്ച് എഞ്ചിനായ ബെയ്ദു തുടങ്ങിയ സൈറ്റുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ലഭ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു ചില സൈറ്റുകള്‍ക്ക് ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹോസ്‌നി മുബാരക് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണു കലാപമായി മാറിയത്. പ്രതിരോധന്ത്രി ഹബീബ് അല്‍ അദ്‌ലി രാജി വയ്ക്കുക, പ്രസിഡന്റ് പദവിയില്‍ ഒരാള്‍ തന്നെ എത്തുന്നത് രണ്ട് തവണയാക്കി പരിമിതപ്പെടുത്തുക, രാജ്യത്തു 30 വര്‍ഷമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ രംഗത്തെത്തിയിരിക്കുന്നത്. 700ഓളം പ്രക്ഷോഭകാരികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല