1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): രക്ഷയുടെയും,പ്രത്യാശയുടെയും വിശ്വാസ പൂര്‍ണ്ണതയായ ഈസ്റ്ററും,സമ്പത്സമൃദ്ധിയുടെ നല്‍ശോഭയേകുന്ന വിഷുവും സ്റ്റീവനേജില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.സ്റ്റീവനേജ് മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ്മയായ ‘സര്‍ഗ്ഗം’ വൈവിദ്ധ്യമായ മികവുറ്റ പരിപാടികളോടെയാണ് ഈസ്റ്റര്‍വിഷു ആഘോഷം കൊണ്ടാടിയത്. സ്റ്റീവനേജ് ബാര്‍ക്ലെയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ആഘോഷ വേദിയില്‍ അലങ്കരിച്ച് ഒരുക്കിയിരുന്ന ഉത്ഥാനം ചെയ്ത യേശുനാഥന്റെ ചിത്രവും,വിഷുക്കണിയും ആഘോഷാല്‍മകത വിളിച്ചോതുന്നവയായി.

ആതിരാ ഹരിദാസിന്റെ ഈശ്വര ഗാനാലാപത്തോടെ നാന്ദി കുറിച്ച ഈസ്റ്റര്‍വിഷു ആഘോഷത്തിലേക്ക് ‘സര്‍ഗ്ഗം സ്റ്റീവനേജ്’ പ്രസിഡണ്ട് കുരുവിള അബ്രാഹം ഏവര്‍ക്കും ഹൃദ്ധ്യമായ സ്വാഗതം അരുളി സന്ദേശം നല്‍കി.ഈസ്റ്റര്‍വിഷു ആഘോഷങ്ങളുടെ സന്തോഷവും,സ്‌നേഹവും പരസ്പരം കൈമാറുന്ന ചടങ്ങില്‍ അസ്സോസ്സിയേഷനിലെ മുതിര്‍ന്ന അംഗങ്ങളായ ജോണി കല്ലടാന്തിയും,അപ്പച്ചന്‍ കണ്ണഞ്ചിറയും ചേര്‍ന്ന് കേക്ക് മുറിച്ചു മധുരം പങ്കിട്ടു. ഏവര്‍ക്കും വിഷുക്കണി ദര്‍ശിക്കുന്നതിനും, മനസ്സിലാക്കുന്നതിനും സംഘാടക സമിതി അവസരം ഒരുക്കിയിരുന്നു.

പ്രതീക്ഷയുടെയും,സമൃദ്ധിയുടെയും അനുസ്മരണമായ ഈസ്റ്റര്‍വിഷു ആഘോഷ വേളയില്‍ ‘ഉപഹാര്‍ ചാരിറ്റി’യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട സ്റ്റംസെല്‍ കാമ്പയിനില്‍ ‘സര്‍ഗ്ഗം’ കുടുംബാംഗങ്ങള്‍ സജീവ പങ്കാളിത്തം അര്‍പ്പിച്ചു കൊണ്ട് നന്മചെയ്യുവാന്‍ കിട്ടുന്ന ഓരോ അവസരങ്ങളും ഉപയോഗിക്കുകയായിരുന്നു. മാഞ്ചസ്റ്ററില്‍നിന്നുള്ള ജെയിംസ് ജോസിന്റെ ജീവന്‍ നിലനിറുത്തുന്നതിന്റെ ഭാഗമായി സ്റ്റംസെല്‍ സ്വാബ് ശേഖരണത്തിലാണ് ‘സര്‍ഗ്ഗം സ്റ്റീവനേജ്’ നിറ മനസ്സോടെ തങ്ങളുടെ നിസ്സീമമായ പിന്തുണ നല്‍കിയത്. ‘ഉപഹാര്‍’ വോളണ്ടിയര്‍ ബിനു പീറ്റര്‍ ആഘോഷ മദ്ധ്യേ നടത്തിയ ഹൃസ്യ പ്രസംഗത്തില്‍ അവയവ ദാനത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണവും,അനിവാര്യതയും മഹത്വവും എടുത്തു പറയുകയുണ്ടായി.

‘സര്‍ഗ്ഗം സ്റ്റീവനേജി’നു വേണ്ടി പുതുതായി രൂപം കൊടുത്ത വെബ് സൈറ്റിന്റെ ഉദ്ഘാടനം പ്രസിഡണ്ട് കുരുവിള, സെക്രട്ടറി മനോജ് എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു. ഓണം, ഈസ്റ്റര്‍വിഷു, ക്രിസ്തുമസ്‌ന്യു ഇയര്‍ ആഘോഷങ്ങള്‍ക്ക് പുറമെ കുടുംബങ്ങള്‍ക്ക് ഒത്തൊരുമിച്ച് വിനോദവും, ആഹ്‌ളാദവും പങ്കിടുന്നതിനായി ഫാമിലി ടൂര്‍, ഫാമിലി ഫണ്‍ ഡേ അടക്കം കൂടുതല്‍ പരിപാടികള്‍ക്ക് സംഘടനയുടെ നവ നേതൃത്വം പദ്ധതിയൊരുക്കിയിട്ടുണ്ട്.

പ്രമുഖ ‘ഡീജെ മ്യൂസിക് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്’ ടീമിന്റെ നേതൃത്വത്തില്‍ വേദിയെ സംഗീതസാന്ദ്രമാക്കിയ ‘റോക്കിങ് മ്യൂസിക്കും, ഡിസ്‌കോയും’ കുട്ടികള്‍ ഏറ്റവും നന്നായി ആസ്വദിക്കുമ്പോഴും, പ്രായ ഭേദമന്യേ ഏവര്‍ക്കും താളലയങ്ങളോടെ ചുവടുകള്‍ വെക്കുവാനും, ആഹ്‌ളാദിക്കുവാനും, ഒപ്പം നൃത്ത ലഹരിയില്‍ ലയിക്കുവാനും വേദിയായി. വിവിധ അടിപൊളി കോസ്റ്റുംസ് നര്‍ത്തകര്‍ക്കു ഹരവും, കാണികള്‍ക്കു ദൃശ്യ ഭംഗിയും സമ്മാനിച്ചു.

സര്‍ഗ്ഗം സ്റ്റീവനേജ് സെക്രട്ടറി മനോജ് ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. അസ്സോസ്സിയേഷന്‍ ഭാരവാഹികളായ ഷാജി ഫിലിഫ്,ബോസ് ലൂക്കോസ്,ജോസഫ് സ്റ്റീഫന്‍, ഹരിദാസ്, ഉഷ ഷാജി, സുജ സോയിമോന്‍, ലാലു, വര്‍ഗ്ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വിഭവ സമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറും, വിഷു മധുരങ്ങളും ഏറെ ആസ്വദിച്ചും,ഭാഗ്യവാന്മാര്‍ക്കായി കരുതിവെച്ചിരുന്ന സമ്മാനങ്ങള്‍ നേടിക്കൊണ്ടുമാണ് സര്‍ഗ്ഗത്തിന്റെ അവിസ്മരണീയ ആഘോഷം സമാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.