ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ചിത്രം മുഹമ്മദ് ദ് മെസഞ്ചര്‍ ഓഫ് ഗോഡിനായി സംഗീത സംവിധാനം ചെയ്ത ഏ.ആര്‍. റഹ്മാനെതിരെ മുസ്ലിം സംഘടന പുറപ്പെടുവിച്ച ഫത്‌വയില്‍ ഏ. ആര്‍. റഹ്മാന്റെ പ്രതികരണം. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലാണ് പ്രതികരണം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസാ അക്കാദമിയാണ് ഇരുവര്‍ക്കുമെതിരെ ഫത്‌വയുമായി രംഗത്തെത്തിയിരുന്നത്.
താന്‍ ഒരു ഇസ്ലാമിക പണ്ഡിതനല്ലെന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ ഒരു ഭാഗത്ത് പാരമ്പര്യവാദിയും മറു ഭാഗത്ത് യുക്തിവാദിയുമായാണ് തന്റെ ജീവിതമെന്നും റഹ്മാന്‍ പറയുന്നു. ലോകത്തിന്റെ പല ഭാഗത്തായി ജീവിക്കുന്ന താന്‍ മുന്‍വിധി കൂടാതെ എല്ലാവരെയും സ്‌നേഹിക്കാന്‍ ശ്രമിക്കുന്നയാളാണ്. മുഹമ്മദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ ചെയ്തത് താനല്ല. ചിത്രത്തിനായി സംഗീതം മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട ആത്മീയ അനുഭവം തനിക്ക് വ്യക്തിപരമാണ്, അത് പങ്കുവെയ്ക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല.
എന്തുകൊണ്ട് പരാതി ഉന്നയിച്ചു എന്നതിന് ന്യായീകരണമായ റാസാ അക്കാഡമിയിലെ അംഗമായ മിസ്റ്റര്‍ നൂറി ബേസൈഡ് ജേര്‍ണലില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ഒരു വാചകം ഇപ്രകാരമാണ്. ‘നമ്മള്‍ മുസ്ലീംകളായതിനാല്‍ നമ്മുടെ മതത്തിന് എതിരായ കാര്യത്തെ തടയാന്‍ ശ്രമിക്കണം’. നാളെ അള്ളാഹുവുമായി മുഖാമുഖം വരുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ഇതിനിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നു ചോദ്യമുണ്ടാവുമെന്നും അദ്ദേഹം വാദിക്കുന്നു.
മിസ്റ്റര്‍ നൂറി പറഞ്ഞത് പോലെ അല്ലാഹുവുമായി നാളെ സന്ധിക്കാനുള്ള ഭാഗ്യമുണ്ടായാല്‍, വിധിദിനത്തില്‍ അവന്‍ എന്നോട് ചോദിക്കും. ‘ഞാന്‍ നിനക്ക് വിശ്വാസം തന്നു, കൂടെ കഴിവ്, പണം, പ്രശസ്തി ആരോഗ്യം ഇവയെല്ലാം നല്‍കി. എന്നിട്ടും എന്റെ പ്രിയപ്പെട്ട മുഹമ്മദിന്റെ സിനിമയ്ക്ക് നീ എന്തുകൊണ്ട് സംഗീതം ചെയ്തില്ല’?
ശേഷം പ്രവാചകനെതിരായി നടക്കുന്ന കുപ്രചരണങ്ങള്‍ തടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും, അക്രമം വെടിഞ്ഞ് എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാനാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും റഹ്മാന്‍ കുറിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല