വടക്കന്‍പാട്ടുകളിലെ വീരവനിത പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെ കഥ കേട്ടാലും കേട്ടാലും മതിവരാത്തതാണ്, അതുകൊണ്ടുതന്നെ മലയാളത്തില്‍ ഇതിന് പലവട്ടം ചലച്ചിത്രഭാഷ്യവുമുണ്ടായി.1961ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത് രാഗിണി നായികയായ ‘ഉണ്ണിയാര്‍ച്ച’യാണ് ആര്‍ച്ചയുടെ കഥപറഞ്ഞ ചിത്രങ്ങളില്‍ ആദ്യത്തേത്. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ‘ഒരു വടക്കന്‍ വീരഗാഥ’യിലും ഉണ്ണിയാര്‍ച്ച തന്നെയായിരുന്നു മുഖ്യകഥാപാത്രം.
2002ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച’യാണ് ഏറ്റവുമൊടുവില്‍ വെള്ളിത്തിരയിലെത്തിയ ഉണ്ണിയാര്‍ച്ച സിനിമ. ഇപ്പോഴിതാ വീണ്ടും ഉ്ണ്ണിയാര്‍ച്ചയുടെ കഥ ചലച്ചിത്രമാകുന്നു. ഇത്തവണ പക്ഷേ ആരും അധികം കേള്‍ക്കാത്തൊരു കഥയാണ് ചലച്ചിത്രമാകുന്നതെന്ന പ്രത്യേകതയുണ്ട്.
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ വെപ്പാട്ടിയായിരുന്നു ഉണ്ണിയാര്‍ച്ചയെന്ന്് അവകാശപ്പെടുന്ന കടത്തനാടന്‍ നൊമ്പരങ്ങള്‍ എന്ന പുസ്തകത്തെ അധികരിച്ചാണ് ഈ ചലച്ചിത്രമൊരുങ്ങുന്നത്. വയലാര്‍ മാധവന്‍കുട്ടി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.
കഥ തിരക്കഥാരൂപത്തിലാക്കി 2011ല്‍ത്തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്ന് സംവിധായകന്‍ വയലാര്‍ മാധവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ആരു രചിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. താരനിര്‍ണയം തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല