ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കേണ്ടി വരുമോ ?തീര്‍ച്ചയായും .അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.എന്നാല്‍ ഹൃദ്രോഗത്തെ പേടിച്ച് ഭക്ഷണ സാധനങ്ങളില്‍ ഉപ്പു കുറയ്ക്കുന്നവര്‍ ശ്രദ്ധിക്കുക.ഇനി ഉപ്പ് ചേര്‍ത്ത മത്സ്യങ്ങളും, ചിപ്‌സും നിര്‍ഭയം കഴിക്കാം. ഹൃദ്രോഗത്തെ പേടിക്കുകയും വേണ്ട. ഉപ്പും ഹൃദ്രോഗവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഉപ്പ് കഴിക്കുന്നത് കുറച്ചാല്‍ അത് വഴി രക്തസമ്മര്‍ദ്ദം കുറയുകയും ഹൃദ്രോഗസാധ്യത കൂടുകയും ചെയ്യുമെന്ന് കാലാകാലങ്ങളായി ഡോക്ടര്‍മാര്‍ പറയുന്നതാണ്. ഈ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് സ്‌റ്റോക്ക്‌പോര്‍ട്ട് പോലുള്ള കൗണ്‍സിലുകള്‍ ഉപ്പടങ്ങിയ ചില ഭക്ഷണങ്ങള്‍ നിരോധിച്ചതായും നമ്മള്‍ കേട്ടിട്ടുണ്ട്. ഇനി ഇത്തരം നടപടികളെ ഉപഭോക്താക്കള്‍ ഭയക്കേണ്ടിവരില്ല.
ഉപ്പ് ധാരാളം കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കില്ലെന്ന് പഠനങ്ങളില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. ഉപ്പ് കുറച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതും ഹൃദ്രോഗവുമായി യാതൊരു ബന്ധവുമില്ല. രക്തസമ്മര്‍ദ്ദം കുറയുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുകയുമില്ലെന്നാണ് കണ്ടെത്തിയത്.
ഉപ്പ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ എക്‌സലന്‍സ് ആവശ്യപ്പെട്ടിരുന്നു. 2015ഓടെ ഉപ്പിന്റെ ഉപയോഗം ദിവസം 6 ഗ്രാമായും 2025ല്‍ 3ഗ്രാമായും ചുരുക്കാനായിരുന്നു നൈസിന്റെ പദ്ധതി. ബ്രിട്ടനിലുണ്ടാവുന്ന 40,000ത്തോളം ഹൃദ്രോഗമരണങ്ങള്‍ ഇത് കാരണം കുറയുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങള്‍ക്കെല്ലാം തിരിച്ചടിയായിക്കൊണ്ടാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
എക്സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ റോഡ് ടെയ്‌ലറും സംഘവുമാണ് പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി മുമ്പ് 6,489 ആളുകളില്‍ നടന്ന പഠനങ്ങള്‍ സംഘം പുനഃപരിശോധിച്ചിരുന്നു. ഉപ്പ് കുറയ്ക്കുന്നതുവഴി മനുഷ്യനുണ്ടാകുന്ന രോഗസാധ്യത കുറയ്ക്കാവില്ലെന്നാണ് ഈ പഠനങ്ങളില്‍ നിന്നെല്ലാം എത്തിച്ചേര്‍ന്ന നിഗമനമെന്നും അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല