പുതിയ സര്‍ക്കാരിനെ ഉമ്മന്‍ചാണ്ടിതന്നെ നയിക്കുമെന്നു സൂചന. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഞായറാഴ്ച ചേരും. കോണ്‍ഗ്രസിന്റെ 38 എം.എല്‍.എമാരോടും ഇന്ന് തിരുവനന്തപുരത്ത് എത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരം ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. നിയമസഭാകക്ഷിയില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്‌ക്കുന്നവര്‍ക്കാണു ഭൂരിപക്ഷം. അദ്ദേഹത്തിനു സഖ്യ കക്ഷികളുടെ പിന്തുണയുമുണ്ട്. ഹൈക്കമാന്‍ഡ് നിരീക്ഷകരായി സംസ്‌ഥാനത്തിന്റെ സംഘടനാചുമതലയുള്ള മധുസൂദന്‍ മിസ്‌ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മൊഹ്‌സീനാ കിദ്വായിയും ഇന്നെത്തും.കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയെ മുന്നണി നേതാവായി അംഗീകരിക്കുന്നതിന് ഘടകകക്ഷി നേതാക്കളുടെ യോഗവും തുടര്‍ന്ന് ചേരുന്നുണ്ട്.സത്യപ്രതിജ്‌ഞ നാളെ നടന്നേക്കും .
20 അംഗ മന്ത്രിസഭയാണ് യു.ഡി.എഫും ലക്ഷ്യമിടുന്നത്. ഒമ്പത് അംഗങ്ങളെ കോണ്‍ഗ്രസിന് ലഭിക്കാം. അഞ്ച് മന്ത്രിസ്ഥാനം മുസ്‌ലിംലീഗിന് ലഭിച്ചേക്കാം. 20 സീറ്റുകള്‍ വരെ ലീഗിന് കിട്ടിയ സാഹചര്യത്തിലാണിത്. ലീഗ് അഞ്ച് സ്ഥാനങ്ങള്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് . കേരളാ കോണ്‍ഗ്രസ് മൂന്നു മന്ത്രിസ്ഥാനം ചോദിക്കുമെന്നാണ് അറിയുന്നത്.എന്നാല്‍ ലീഗിനോ മാണിക്കോ ഡെപ്യൂട്ടിസ്പീക്കര്‍ പദവി നല്‍കി അവരില്‍ നിന്നും ഒരു മന്ത്രിസ്ഥാനം കൂടി കോണ്‍ഗ്രസ് എടുത്തേക്കും.ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുന്ന കാര്യവും പരിഗണനയില്‍ ഉണ്ട്. ടി.എം.ജേക്കബ്ബ്, കെ.ബി.ഗണേഷ് കുമാര്‍ , ഷിബു ബേബിജോണ്‍ ,കെ.പി.മോഹനന്‍ അല്ലെങ്കില്‍ ശ്രേയസ്‌കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും .
കോണ്‍ഗ്രസില്‍നിന്നു കെ. ബാബു, ഹൈബി ഈഡന്‍, ജി. കാര്‍ത്തികേയന്‍, എന്‍. ശക്‌തന്‍, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, കെ. മുരളീധരന്‍, കെ.സി. ജോസഫ്, വി.ഡി. സതീശന്‍ എന്നിവരെയാണു കോണ്‍ഗ്രസ് മന്ത്രിസഭയിലേക്കു പരിഗണിക്കുന്നത്.തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെയാണു സ്‌പീക്കര്‍ സ്‌ഥാനത്തേക്കു പരിഗണിക്കുന്നത്.പി.കെ. കുഞ്ഞാലിക്കുട്ടി,പി കെ . ബഷീര്‍, അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി, പി.കെ. അബ്‌ദുറബ്ബ് എന്നിവരെയാണ് ലീഗ് മന്ത്രിമാരാക്കാന്‍ ആലോചിക്കുന്നത്.മാണിക്കും ജോസെഫിനും പുറമേ ആരു മന്ത്രിയാകണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ തീരുമാനമായിട്ടില്ല.ടി.എം.ജേക്കബ്ബ്, കെ.ബി.ഗണേഷ് കുമാര്‍ , ഷിബു ബേബിജോണ്‍ ,കെ.പി.മോഹനന്‍ അല്ലെങ്കില്‍ ശ്രേയസ്‌കുമാര്‍ എന്നിവര്‍ ചെറുകക്ഷികളുടെ മന്ത്രിമാരാകും .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല