യങ് സ്റ്റാര്‍ പൃഥ്വിരാജിന്റെ ഡ്രീംപ്രൊജക്ടായ ഉറുമി തിയറ്ററുകളില്‍. പഴശ്ശിരാജയ്ക്ക് ശേഷം മലയാളത്തിലെ ഏറ്റവും പണച്ചെലവേറിയ ചിത്രമെന്ന വിശേഷണവുമായെത്തുന്ന ഉറുമി വന്‍പ്രതീക്ഷകളോടെയാണ് താരത്തിന്റെ ആരാധകര്‍ വരവേല്‍ക്കുന്നത്.
പതിനഞ്ചാം നൂറ്റാണ്ടില്‍ വാസ്‌കോഡ ഗാമയുടെ കേരള സന്ദര്‍ശനവേളയാണ് ഉറുമിയുടെ പശ്ചാത്തലം. എന്നാല്‍ ആരും പ്രതീക്ഷിയ്ക്കാത്ത ഒരുട്രീറ്റ്‌മെന്റാണ് തിരക്കഥയില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒളിപ്പിച്ചുവെച്ചിരിയ്ക്കുന്നത്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രണയത്തിനും പ്രാധാന്യമുണ്ട്..
ഫാന്റസിയും ചരിത്രവും ഒരുമിയ്ക്കുന്ന ഉറുമിയുടെ സംവിധായകന്‍ ഇന്ത്യയിലെ നമ്പര്‍വണ്‍ ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ്. പ്രിവ്യൂ റിപ്പോര്‍ട്ടുകളനുസരിച്ച് മോളിവുഡ് ഇതുവരെ അനുഭവിയ്ക്കാത്ത ഒരു വിഷ്വല്‍ ട്രീറ്റ്‌മെന്റാണ് ഉറുമിയെന്നാണ് സൂചനകള്‍.
20 കോടി രൂപ മുടക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ നിര്‍മാണത്തില്‍ പൃഥ്വിരാജും സന്തോഷ് ശിവനും അടക്കമുള്ളവര്‍ ഭാഗഭാക്കാണ്. വൈഡ് റിലീസിങില്‍ മലയാള സിനിമകള്‍ പുതിയ ഉയരങ്ങള്‍ തേടുമ്പോള്‍ 70 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് പുതിയൊരു വിപണനതന്ത്രമാണ് ചിത്രത്തിന്റെ അണിയറക്കാര്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്.
പ്രഭുദേവ, ജെനീലിയ, തബു, വിദ്യാ ബാലന്‍, ആര്യ എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്ന സിനിമ അധികം വൈകാതെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല