ഒപെക് രാഷ്ട്രങ്ങളുടെ ചര്‍ച്ചയില്‍ ഇന്ധനഉല്‍പ്പാദനം കൂട്ടില്ലെന്ന് വ്യക്തമായതോടെ എണ്ണവില വീണ്ടും കുതിച്ചുയരാന്‍ തുടങ്ങി. ഇതോടെ യു.കെയിലെ വാഹനഉടമകള്‍ക്ക് വീണ്ടും കഷ്ടകാലമാരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട് . ഉയര്‍ന്ന ഡിമാന്റ് കണക്കിലെടുത്ത് എണ്ണ ഉല്‍പ്പാദനം കൂട്ടുമെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഒപെക് ചര്‍ച്ചയില്‍ എന്തെങ്കിലുമൊരു സമവായത്തിനുള്ള സാധ്യത മങ്ങുകയായിരുന്നു. ഇനി മൂന്നുമാസം കഴിഞ്ഞായിരിക്കും ഇതുമായി ബന്ധപ്പെട്ട് അടുത്ത ഒപെക് ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് മുമ്പ് എണ്ണവില ബാരലിന് നൂറുഡോളറിനും താഴെയെത്തിയിരുന്നു. എന്നാല്‍ നിലവില്‍ വില നൂറുഡോളറിനും മുകളിലാണ്. നിലവിലെ പെട്രോള്‍ വിലവര്‍ധനവ് തന്നെ ആളുകള്‍ക്ക് സഹിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈയവരത്തിലാണ് വിതരണം കൂട്ടില്ലെന്ന റിപ്പോര്‍ട്ടുകൂടി വന്നിരിക്കുന്നത്.
നിലവില്‍ ലിറ്ററിന് 136 പെന്‍സ് ആണ് വില. എന്തെങ്കിലും രീതിയില്‍ സപ്ലൈ വര്‍ധിച്ചിരുന്നുവെങ്കില്‍ അത് വാഹനഉടമകള്‍ക്ക് സഹായകമായേനെ എന്ന് എ.എ മോട്ടോറിംഗ് ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെട്ടു. ഉല്‍പ്പാദനം കൂട്ടണമെന്ന് സൗദി അറേബ്യയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതുണ്ടായില്ല.
ലിബിയ അടക്കമുള്ള രാഷ്ട്രങ്ങളിലെ രാഷ്ട്രീയഅനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെനസ്വേലയും ഇറാനും ഇതിന് എതിരായ നിലപാടുമായി രംഗത്തെത്തിയതാണ് വിനയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല