അലക്സ് വർഗീസ്: മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. യുകെ യിലെ ഓണാഘോഷങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന എം എം എ യുടെ ഓണാഘോഷം ഈ വര്‍ഷവും കലാപരിപാടികളുടെ ഒരു സംഗമമായിരിക്കും. ഇതിന്റെ അവസാന മിനുക്കുപണികളിലാണ് എം എം എ കലാകാരന്മാരും കലാകാരികളും.
അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഒരുക്കുന്ന ഓണസദ്യയാണ് പ്രത്യേകം ഏടുത്തു പറയേണ്ടത്. വെള്ളിയാഴ്ച മുതല്‍ സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു, പഴയകാലത്തെ നാട്ടിന്‍പുറങ്ങളിലെ കല്യാണ സദ്യക്കുള്ള ഒരുക്കങ്ങളെ ഓര്‍മ്മിപ്പിക്കും വിധം എം എം എ അംഗങ്ങള്‍ ഒരുക്കുന്ന ഓണസദ്യ പ്രത്യേകം എടുത്തു പറയേണ്ടതാണ്.
സെപ്റ്റംബര്‍ 26 ന് 10 മണിയോടെ പൂക്കളം ഇട്ട് ആഘോഷ പരിപാടികള്‍ തുടങ്ങും. തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഇന്‍ഡോര്‍ ഗെയിംസ്, 11.30 ന് 24 വിഭവങ്ങളടങ്ങിയ ഓണസദ്യ എന്നിവ നടക്കും. തുടര്‍ന്ന് 3 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന വിവിധ കലാപരിപാടികള്‍. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ വിജയത്തിലെത്തിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് വിവിധ കമ്മിറ്റികള്‍.
ഈ വര്‍ഷം പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ചെണ്ടമേളം ആഘോഷങ്ങളുടെ പൊലിമ കൂട്ടും. ചുണ്ടന്‍ വള്ളവും മോഹിനിയാട്ടവും ഭരതനാട്യവും പുലികളിയും ഓണപ്പാട്ടും വില്ലടിച്ചാന്‍ പാട്ടും ഡാന്‍സും സ്‌കിറ്റും ഒക്കെയായി കാണികളുടെ മനം കവരുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
എം എം എ യുടെ വനിതാ വിഭാഗം ഒരുക്കുന്ന തട്ടുകട ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണമായിരിക്കും. ഹാളില്‍ തന്നെ പരിപാടികള്‍ കാണുന്നതിനൊപ്പം ചൂടന്‍ പഴമ്പൊരിയും, ഉണ്ടമ്പൊരിയും, വടയും ചായയുമൊക്കെ ലഭ്യമായിരിക്കും. അങ്ങനെ ഒരു ദിവസം മുഴുവന്‍ വീടിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് മാറി സ്വന്തം വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം സമയം ചെലവഴിക്കാനും ആഘോഷിക്കാനുമായി ലഭിക്കുന്ന അവസരം ഏറെ വിലപ്പെട്ടതാണ്.
പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പള്ളിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചിട്ടയോടു കൂടി പ്രവര്‍ത്തിച്ചു വരുന്നു. ജോസസ് മാത്യു, ബെന്‍സി സാജു, നിഷ പ്രമോദ്, ജോര്‍ജ് വടക്കുംചേരി, ജിനേഷ് നായര്‍, ഷാജി മോന്‍ കെഡി, ഹാന്‍സ് ജോസഫ്, ബിന്ദു കുര്യന്‍, നിഷാ ശരത്, ജോവി ജോസ്, റീന വില്‍സണ്‍, സാജു, മാത്യു ജയിംസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.
ഈ വര്‍ഷം ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയവര്‍ക്കുള്ള അവാര്‍ഡും ഈ അവസരത്തില്‍ കൊടുക്കുന്നതാണ്.
വേദിയുടെ വിലാസം,
Jaun Communtiy Cetnre,
669 Stockport Road,
Long Sight,
M124QE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല