വില്യം രാജകുമാരന്റെ പ്രതിശ്രുത വധു കെയ്റ്റിന്റെ മാതാപിതാക്കള്‍ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ചു . ഒരു മണിക്കൂറിലേറെ സമയം മൈക്കല്‍ മിഡില്‍ടണും കരോള്‍ മിഡില്‍ടണും രാജാവും രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തി.
നേരത്തേ 2006ല്‍ വില്യം രാജകുമാരന്‍ മിഡില്‍ടണിനെ രാജ്ഞിക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. എന്നാല്‍ മിഡില്‍ടണിന്റെ മാതാപിതാക്കള്‍ രാജാവിനേയും രാജ്ഞിയേയും സന്ദര്‍ശിക്കാത്തിനെക്കുറിച്ച് ഏറെ വിവാദങ്ങളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് സല്‍ക്കാരം നടക്കുന്നതിനു മുമ്പ് രാജാവും രാജ്ഞിയും മിഡില്‍ടണിന്റെ മാതാപിതാക്കളെ കണ്ടേക്കില്ലെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നേരത്തേ നിശ്ചയിച്ചിരുന്നതായാണ് സൂചന.
വില്യം രാജകുമാരനും മിഡില്‍ടണുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞയുടനേ തന്നെ ഇത്തരത്തിലൊരു കൂടിക്കാഴ്ച്ച നടത്തണമെന്ന് തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പല കാര്യങ്ങളാലും കൂടിക്കാഴ്ച്ച നീണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് വിവാഹത്തിന് എട്ടുദിവസം മുമ്പ് കൂടിക്കാഴ്ച്ച നടന്നത്.
സാന്റ്‌ഹേര്‍സ്റ്റില്‍വെച്ചായിരുന്നു മിഡില്‍ടണ്‍ രാജ്ഞിയെ ആദ്യമായി കാണുന്നത്. വില്യമിന്റെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മിഡില്‍ടണ്‍. അന്ന് മിഡില്‍ടണിന്റെ മാതാപിതാക്കളും എത്തിയിരുന്നെങ്കിലും കര്‍ശനമായ നിയന്ത്രണമുണ്ടായിരുന്നതിനാല്‍ കൂടിക്കാഴ്ച്ച നടന്നിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല