യു.കെയിലെ മലയാളികളുടെ അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ പിറവിയെടുത്തിട്ട് രണ്ടു വര്‍ഷം തികയുകയാണ്.അടുത്ത മാസം പത്താം തീയതി പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കുകയാണ്. ഈ അവസരത്തില്‍ യുക്മ എന്തിന്, ആര്‍ക്കുവേണ്ടി ,എങ്ങനെ എന്നതിന്റെ പ്രസക്തി വളരെ വലുതാണ്. ഇത്തരുണത്തില്‍ യു കെ മലയാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ശബ്ദമാകാനും എത്രമാത്രം യുക്മക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തുന്നതും വരും നാളുകളില്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം ആയിരിക്കണമെന്ന് ചിന്തിക്കുന്നതും ഉചിതമായിരിക്കും.
യു.കെയിലെ ഏത് മലയാളിക്കും നിസംശയം പറയുവാന്‍ കഴിയും യുകെയിലെ മലയാളികളുടെ ഒരു പൊതു കൂട്ടായ്മയുടെ ആവശ്യകത. പക്ഷേ യുക്മ ഇതുവരെ എന്ത് ചെയ്തു, നാളെ എങ്ങനെ ആവണം,യുക്മ ആര്‍ക്കുവേണ്ടിയാണ് എന്ന് തീരുമാനിക്കേണ്ടത് യു.കെയില മലയാളി സമൂഹമാണ്. എന്‍.ആര്‍.ഐ മലയാളി ടീം യുകെയിലെ മലയാളികളുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുകയാണ്, ഇത് ഒരു വിശകലനവും ആവാം. ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് യുക്മയ്ക്ക് എതിരല്ല പക്ഷേ യുകെ മലയാളികളുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഞങ്ങള്‍ യുക്മയുടെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി വമര്‍ശിക്കും.ഈ വെബ്സൈറ്റ് തുടങ്ങിയ നാള്‍ മുതല്‍ ഞങ്ങള്‍ പാലിച്ചു പോരുന്ന നയമാണിത്.
യുക്മ വളരണം, അത് ഒരു ശക്തിയായി, ശരാശരി യുകെ മലയാളിയുടെ ശബ്ദമായി മാറണം എന്നതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്കും ഒരു വായനക്കാരന്‍, വായനക്കാരി എന്ന നിലയില്‍ ഞങ്ങള്‍ക്ക് എഴുതാം. നിങ്ങളുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങും. തീര്‍ച്ചയായും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. നിങ്ങള്‍ ചെയ്യേണ്ടത് ഒന്നുമാത്രം നിങ്ങളുടെ അസോസിയേഷന്റെ പ്രസിഡന്റിയോ സെക്രട്ടറിയേയോ വിളിച്ച് നിങ്ങളുടെ അസോസിയേഷന്റെ പ്രതിനിധി ആരാണ് എന്ന് ഉറപ്പുവരുത്തുക. ജൂലൈ മാസം 10ാം തീയ്യതി തിരഞ്ഞെടുപ്പിലും നിങ്ങളുടെ അസോസിയേഷന്റെ മൂന്ന് പ്രതിനിധികളും പങ്കെടുക്കും എന്ന് ഉറപ്പുവരുത്തുക. അവരിലൂടെ നിങ്ങളുടെ സമ്മതിദാന അവകാശം/ നിങ്ങളുടെ അസോസിയേഷന്റെ അഭിപ്രായം രേഖപ്പെടുത്തണം.നിങ്ങളാണ് തീരുമാനിക്കേണ്ടത്, അല്ലെങ്കില്‍ നിങ്ങളുടെ അസോസിയേഷന്റെ പ്രതിനിധിയാണ് തീരുമാനിക്കേണ്ടത് നാളത്തെ യുക്മയുടെ ഭാവി.
കഴിഞ്ഞ ഭരണ സമിതിയിലെ ആരെയും പേരെടുത്ത് കുറ്റം പറയുന്നില്ല. എങ്കിലും കുറച്ചുകൂടി ഭംഗിയായി കഴിഞ്ഞ ഭരണസമിതിക്ക് പ്രവര്‍ത്തിക്കാമായിരുന്നു.പല കാരണങ്ങള്‍ കൊണ്ടും നേതൃത്വത്തിലെ കഴിവുള്ള പലര്‍ക്കും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞിരുന്നില്ല.തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തതില്‍ കലിപൂണ്ട് ചിലര്‍ സംഘടനയെ മനപൂര്‍വ്വം കരിവാരിത്തേച്ചു കാണിക്കാന്‍ ശ്രമിച്ച എന്നുള്ള യാഥാര്‍ത്ഥ്യം എല്ലാ മലയാളികള്‍ക്കും അറിയാം. (ചില മാധ്യമ പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത്).
തനിക്ക് ഇല്ല എങ്കില്‍ ബാക്കിയെല്ലാം ബെടക്കാക്കും എന്ന അരിശം പൂത്ത ചില മാധ്യമപ്രവര്‍ത്തകര്‍ ഞങ്ങളുടെ എല്ലാം എല്ലാമായ സംഘടനയെ കരിവാരിത്തേയ്ക്കുന്നതു കണ്ട്‌കൊണ്ട് നിന്നവരും (ചില അസോസിയേഷന്‍ നേതാക്കന്മാര്‍ ) വിരളമല്ല. എന്തായാലും യുക്മ കൂടുതല്‍ ജനകീയമാവണം, വളരണം, എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണര്‍വോടെ മുന്നോട്ട് പോവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിലെല്ലാമുപിയായി സാധാരണ മലയാളിയുടെ അത്യാവശ്യവുമാണ്.യുക്മ എന്നത് ഒരു മലയാളി സംഘടന എന്നതിലുപരി യു കെ മലയാളിയുടെ പൊതു വികാരമായി മാറണം.
എന്തായാലും നിങ്ങള്‍ നിങ്ങളുടെ അസോസിയേഷന്റെ പ്രതിനിധിയെ നേരില്‍ ബന്ധപ്പെട്ട് അവരുടെ വോട്ട് വിനിയോഗിക്കണം എന്ന് ആവശ്യപ്പെടണം. നല്ല നാളേയ്ക്കായി, യു.കെമലയാളികളുടെ ഉന്നമനത്തിനായി കഴിവുള്ള ,പ്രവര്‍ത്തിക്കുന്ന ഒരു നേതൃത്വത്തില്‍ കെട്ടുറപ്പുള്ള ഒരു സംഘടനയായി യുക്മ വളരണം. അന്‍പതില്‍ അധികം അസോസിയേഷനുകള്‍ അംഗങ്ങള്‍ ആയുള്ള ഈ വലിയ കൂട്ടായ്മ യു കെ മലയാളികളുടെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ക്രിയാത്മകമായി പ്രയത്‌നിക്കേണ്ടിയിരിക്കുന്നു.
വരും ദിവസങ്ങളില്‍ ഞങ്ങള്‍ യുക്മയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും യു.കെമലയാളികളുടെ പ്രതികരണങ്ങളെ ജനസമക്ഷം എത്തിക്കുകയും ചെയ്യും. പ്രിയ സുഹൃത്തുക്കളെ, നിങ്ങളും ഈ പ്രയത്‌നത്തില്‍ ഞങ്ങളോടൊപ്പം പങ്കുചേരുക, നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ ലേഖനം പങ്കുവയ്ക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ contact@nrimalayalee.co.uk എന്ന ഇമെയില്‍ അഡ്രസില്‍ ഞങ്ങള്‍ക്ക് എഴുതുക .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല