എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ല എന്ന വാശിയിലാണ് കേന്ദ്രകൃഷി മന്ത്രാലയം. എന്‍ഡോസള്‍ഫാന്‍ എന്ന മഹാമാരിയുടെ ദുരന്തം പേറി ജീവിച്ചിമരിക്കുന്നവരുടെ കദനകഥ നിരവധി തവണ മനസിലാക്കിയിട്ടും അവര്‍ കണ്ണടച്ചിരിക്കുന്നു. കണ്ണടച്ച് ഉറക്കം നടിക്കുന്നു. തളര്‍ന്ന കാലുകളും ഇരുട്ടു മൂടിയ കണ്ണുകളും ശരീരത്തേക്കാള്‍ വലിപ്പമുള്ള തലയുമുള്ള മനുഷ്യക്കോലങ്ങളെ കാണാന്‍ അവര്‍ കൂട്ടാക്കുന്നില്ല.
അല്ലെങ്കിലും അവര്‍ക്ക് മനുഷ്യജീവനുകളല്ലല്ലോ പ്രധാനം, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ്സ് സംരക്ഷിക്കേണ്ടേ, അതിന് എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ തുടരുക തന്നെ വേണം. ശരത് പവാറും കൂട്ടാളികളും അതിനുള്ള തയ്യാറെടുപ്പിലാണ്. വരുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ഒരിക്കല്‍ക്കൂടി നമ്മള്‍ എന്‍ഡോസള്‍ഫാനു വേണ്ടി വാദിക്കും. ഒരിക്കല്‍ക്കൂടി നമ്മള്‍ മനുഷ്യത്വത്തെയും മനുഷ്യാവകാശങ്ങളെയും മറക്കും, ഒരിക്കല്‍ക്കൂടി നമ്മള്‍ ലോകമനസാക്ഷിക്കു മുമ്പില്‍ ഇളിഭ്യാരാകും.
ഒന്നും പഠിക്കാതെ ഇന്ത്യ
എന്‍ഡോസള്‍ഫാന്‍ ഇരകളായി ജീവിച്ച് മരിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് കാസര്‍ക്കോട്ടുള്ളത്. കാസര്‍ക്കോട്ട് മാത്രമല്ല, അതിര്‍ത്ത് കഴിഞ്ഞ് കര്‍ണാടകത്തിലേക്ക് കടക്കുമ്പോഴേക്കും എന്‍ഡോസള്‍ഫാന്റെ ദുരിതം മനസിലാാക്കാന്‍ സാധിക്കും. കൊക്കാഡ, പാെ്രെട നിഡില്‍ തുടങ്ങിയ ഗ്രാമങ്ങളെ അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ കര്‍ണാടകത്തിലെ ഈ ഗ്രാമങ്ങളെ കാസര്‍കോടിന്റെ മറ്റൊരു പതിപ്പെന്ന് വിശേഷിപ്പിച്ചാല്‍ ചിലര്‍ക്കെങ്കിലും മനസിലാവും.
പെരുകുന്ന ഭ്രൂണഹത്യ
എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിക്ക് അടിമകളായി വികലാംഗരെക്കുറിച്ച് മാത്രമേ നാം ഇതുവരെ കേട്ടിരുന്നുള്ളൂ. എന്നാല്‍കാസര്‍ക്കോട്ടെ ഗ്രാമങ്ങളില്‍ ഭ്രൂണഹത്യ വ്യാപകമാണെന്ന കണ്ടെത്തല്‍ ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അംഗവൈകല്യം ഭയന്നാണ് ഭ്രൂണഹത്യക്ക് മുതിരുന്നത്.
അതിര്‍ത്തി കടന്നെത്തി മംഗലാപുരത്തെ ക്ലിനിക്കുകളിലാണ് നിയമിരുദ്ധമായി ഭ്രൂണഹത്യ നടക്കുന്നത്. തങ്ങളുടെ വയറ്റിലുള്ള കുഞ്ഞ് അംഗവൈകല്യത്തോടെയാണ് വളരുന്നതെന്ന് മനസിലാക്കുന്നവര്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെയാണ് ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാകുന്നത്. ഭ്രൂണഹത്യ നടത്തിയ അമ്മമാര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന് പകരമൊന്നില്ലേ
എന്‍ഡോസള്‍ഫാന് പകരമായി ഇത്രയും ചിലവുകുറഞ്ഞ മറ്റൊരു കീടനാശിനി ഇല്ല എന്നതാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വാദം. കേരളത്തിലും കര്‍ണാടകയിലും മാത്രം പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതുകൊണ്ടു മാത്രം രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്താന്‍ ആവില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഏതെല്ലാം രീതിയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കണമെന്നും കൃഷിമന്ത്രാലയം ഉപദേശിച്ചിട്ടുണ്ട്. ആകാശത്തുകൂടെയുള്ള എന്‍ഡോസള്‍ഫാന്‍ തളിയിലൂടെയാണ് പ്രശ്‌നം ഇത്രയും മാരകമായതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ കര്‍ശനമായ നിയന്ത്രണത്തോടുകൂടി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാലും അത് വരുത്തുന്ന പ്രത്യാഘാതങ്ങള്‍ തടയാന്‍ കഴിയില്ല എന്നതാണ് വസ്തുത. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാലും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ഉല്‍പ്പാദനം ഇടിയാതെ കാത്തുസൂക്ഷിക്കാനാകും എന്ന് പോര്‍ട്ടുഗലും, ഫ്രാന്‍സും, സ്‌പെയിനും എല്ലാം തെളിയിച്ചിട്ടുണ്ട്.
പഠിച്ചിട്ടും..പഠിച്ചിട്ടും ഒന്നും പഠിക്കാതെ…
കുറേ സമിതി രൂപീകരിക്കുകയും അതിന്റെ പേരില്‍ നികുതിദായകരുടെ കുറേ പണം ചിലവായെന്നതും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ കൊണ്ടുണ്ടായ ഏക ഗുണം.
1991ല്‍ ഡോ.എസ്.എന്‍ ബാനര്‍ജി കമ്മറ്റിയും 1999ല്‍ ഡോ.ആര്‍.ബി സിംഗ് കമ്മറ്റിയും കുറേ പഠനം നടത്തി. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് യാതൊരു തരത്തിലും ദോഷകരമാവില്ലെന്ന നിലപാടിലാണ് ഇവരെത്തിയത്. തുടര്‍ന്ന് 2003ല്‍ ഡോ.ദുബെ കമ്മറ്റിയും 2004ല്‍ സി.ഡി മായി കമ്മറ്റിയും എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിച്ചു. ഇവര്‍ക്കും മുന്‍ഗാമികളുടെ അഭിപ്രായത്തെ സാധൂകരിക്കുന്ന നിരീക്ഷണങ്ങളിലെത്താനേ സാധിച്ചുള്ളൂ.
ഇത്തരം സമിതികളുടെ വിശ്വാസ്യതയെക്കുറിച്ച് തന്നെ സംശയമുയര്‍ന്നിരുന്നു. ജനങ്ങളുടെ ദുരിതങ്ങള്‍ പഠിക്കാനാണോ അതോ എന്‍ഡോസള്‍ഫാന്റെ അംബാസിഡര്‍മാരായിട്ടാണോ ഇവര്‍ പഠനം നടത്തിയതെന്ന സംശയം പലരും ഉന്നയിച്ചു.
എത്ര ദുരിതങ്ങള്‍ നടന്നിട്ടും ഒരു നടപടിക്കും മുതിരാതെ എന്തിന് ഇങ്ങനെയൊരു രാഷ്ട്രീനേതൃത്വം എന്ന ചിന്ത ഈയവസരത്തില്‍ ഉയരുന്നുണ്ട്. കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുമ്പോള്‍ സാധാരണക്കാരനെ മറന്നാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും. കാസര്‍ക്കോട്ടെയും കര്‍ണാടകത്തിലേയും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ രോദനം പവാറിന്റേയും ശിങ്കിടികളുടേയും കഠോര കര്‍ണങ്ങളില്‍ എത്തിച്ചേരട്ടേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല