സ്‌റ്റോക്ക്‌ഹോം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ തീരുമാനം. ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ടാണ് നിരോധന തീരുമാനമുണ്ടായത്.
എതിര്‍പ്പുകളില്ലാതെയാണ് നിരോധന തീരുമാനമുണ്ടായത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അന്തിമഘട്ടത്തില്‍ നിരോധനത്തെ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ ആവശ്യപ്പെട്ട ഇളവുകള്‍ അംഗീകരിച്ചുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 15 ഓളം വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ ഇളവ് നല്‍കണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഭൂരിഭാഗം വിളകള്‍ക്കും ഇളവ് നല്‍കുന്നതിന് അംഗീകാരമായി.
ഇന്ത്യ,ചൈന,ഉഗാണ്ട എന്നീ രാജ്യങ്ങളാണ് ഇളവ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അഞ്ച് വര്‍ഷത്തേക്ക് ഈ രാജ്യങ്ങള്‍ക്ക് ഇളവ് അനുഭവിക്കാന്‍ കഴിയും. അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം പകുതിയായി കുറക്കണം. വേണമെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ഇളവ് ആവശ്യപ്പെട്ട് ഈ രാജ്യങ്ങള്‍ക്ക് അപേക്ഷ നല്‍കാം. അങ്ങിനെ പത്ത് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായ നിരോധനം പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് തീരുമാനമുണ്ടായത്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. ഈ രാജ്യങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനും അതിന് ആവശ്യമായ പഠനം നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല