ലണ്ടന്‍: പാര്‍ട്ടിയില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡേവിഡ് കാമറൂണിന്റെ ആരോഗ്യ പരിഷ്‌കാരങ്ങളെ ഉപപ്രധാനമന്ത്രി നിക്ക് ക്ലഗ്് എതിര്‍ത്തതോടെ കൂട്ടുകക്ഷിമന്ത്രിസഭയില്‍ വിള്ളലുണ്ടായി. പാര്‍ട്ടിയിലെ ലിബറല്‍ ഡെമോക്രാറ്റിക് എം.പിമാരുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാമറൂണിന്റെ ആരോഗ്യപരിഷ്‌കാരങ്ങളെ എതിര്‍ക്കാന്‍ ക്ലെഗ് നിര്‍ബന്ധിതനാകുകയായിരുന്നു.
നേരത്തെ പാര്‍ട്ടിയുടെ വസന്തകാല സമ്മേളനത്തില്‍ ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ്ലിയുടെ പരിഷ്‌കാരങ്ങളെ ലിബറല്‍ ഡെമോക്രാറ്റിക് എം.പിമാര്‍ ശക്തമായി എതിര്‍ത്തിരുന്നു. കാമറൂണുമായി നല്ല ബന്ധം തുടരാനാഗ്രഹിക്കുന്ന ക്ലെഗിനെ എം.പിമാരുടെ നടപടി പ്രതിസന്ധിയിലാക്കിയിരുന്നു. മുന്‍ ഡെമോക്രാറ്റ് ലീഡര്‍ ബരോണ്‍സ് വില്ല്യം ഉള്‍പ്പെടെയുള്ള പാര്‍ട്ടി ആചാര്യന്‍മാരുടെ കടുത്ത എതിര്‍പ്പ് ഐക്യത്തോടെ മുന്നോട്ടുപോകാനുള്ള ക്ലെഗിന്റെ ആഗ്രഹത്തിന് കടിഞ്ഞാണിടുകയായിരുന്നു. മെയ് അഞ്ചിന് നടക്കാനിരിക്കുന്ന ഹിതപരിശോധന പരാജയപ്പെടുത്താനായി നടക്കുന്ന കാമ്പയിനിംങ്ങിന് കാമറൂണ്‍ സഹായം നല്‍കിയതാണ് ലേബര്‍ ഡെമോക്രാറ്റ് ടോറി ബന്ധത്തില്‍ വിള്ളലുണ്ടാവാന്‍ മറ്റൊരുകാരണം.
2013 ഓടെ പ്രാഥമിക പരിചരണങ്ങളെടുത്തുമാറ്റുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ എന്‍.എച്ച്.എസില്‍ വരുത്താനുദ്ദേശിക്കുന്നത്. പ്രാഥമിക പരിചരണങ്ങള്‍ ഒഴിവാക്കി അതിനുപകരം ജനറല്‍ പ്രാക്ടീഷണേഴ്‌സിനെ കൊണ്ടുവരാനാണ് തീരുമാനം. എന്നാല്‍ ഈ നീക്കം അധികാരം ഡോക്ടര്‍മാരുടെ കൈകളിലെത്താന്‍ കാരണമാകുമെന്ന് കണ്‍സര്‍വേറ്റീവുകള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്‍.എച്ച്.എസ് ബജറ്റിലെ 80ബില്യണ്‍ പൗണ്ടും ജിപിമാരുടെ കൈകളിലെത്തുകയും അതുവഴി അവര്‍ക്ക് ആശുപത്രി ഉപകരണങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം വാങ്ങുന്നതിനുള്‍പ്പെടെയുള്ള അധികാരം ലഭിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വസന്തകാല സമ്മേളത്തില്‍ ക്ലെഗിന് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. എന്‍.എച്ച്.എസില്‍ നടത്തുന്ന പരിഷ്‌കാരങ്ങള്‍ പാര്‍ട്ടി അംഗീകരിക്കുകയാണെങ്കില്‍ എന്‍.എച്ച്.എസിനെ തകര്‍ക്കുന്നവരായി നമ്മള്‍ മാറുമെന്ന് ലിബ.ഡെമോ എം.പി ആന്‍ഡ്രൂ ജോര്‍ജ് കുറ്റപ്പെടുത്തിയിരുന്നു. അമൂല്യമായ ആരോഗ്യ സേവനങ്ങളെ നശിപ്പിക്കുന്ന ഒരു നീക്കത്തിന് പിന്തുണ നല്‍കിയെന്ന് പറഞ്ഞ് ബരോണ്‍സിന്റെ ഭാര്യ ക്ലെഗിനെ വിമര്‍ശിച്ചിരുന്നു. സമ്മേളത്തില്‍ നാലുപാടുനിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ നിലപാട് മാറ്റാന്‍ ക്ലെഗ് നിര്‍ബന്ധിതനാകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല