എന്‍.എച്ച്.എസ് പരിഷ്‌ക്കരണം കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന പക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിഷേധക്കാരുടെ സംഘടനകള്‍ അറിയിച്ചു. എന്‍.എച്ച്.എസ് സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും നിരവധി തൊഴിലവരങ്ങള്‍ നഷ്ടപ്പെടുമെന്നും ഇവര്‍ വാദിക്കുന്നു.
ആരോഗ്യസേവന മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. റോതര്‍ഹാം, ഷെഫെല്‍ഡ്, നോട്ടിംഗ്ഹാം, ബോള്‍ട്ടണ്‍, സണ്ടര്‍ലാന്റ്, വിന്‍ചെസ്റ്റര്‍ എന്നീ നഗരങ്ങളിലാണ് പ്രതിഷേധപ്രകടനങ്ങള്‍ പ്രധാനമായും അരങ്ങേറുന്നത്. ലോബിയിംഗും മറ്റ് സമ്മര്‍ദ്ദതന്ത്രങ്ങളും ഇതിനിടയില്‍ അരങ്ങേറുന്നുണ്ട്.
വോട്ടര്‍മാരുടെ പ്രക്ഷോഭം കണ്ടില്ലെന്ന് വെയ്ക്കാന്‍ സര്‍ക്കാറിന് കഴിയുകില്ലെന്ന് യുനിസണ്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡേവ് പ്രെന്റിസ് പറഞ്ഞു. ഏപ്രില്‍ ഒന്നിന് കൂടുതല്‍ ശക്തമായ പ്രകടനങ്ങള്‍ നടത്തുമെന്നും പ്രെന്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ടി.യു.സിയും മറ്റ് യൂണിയനുകളും സംയുക്തമായിട്ടാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ സേവിംഗ്‌സ് നടത്തണമെന്ന് എന്‍.എച്ച്.എസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സമയത്താണ് പരിഷ്‌ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പരിഷ്‌ക്കരണം രോഗികളെയും സാധാരണക്കാരെയും കാര്യമായി ബാധിക്കുമെന്ന് ടി.യു.സി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ഓ ഗ്രാഡി അഭിപ്രായപ്പെട്ടു. നികുതിദായകരെ നേരിട്ട് ബാധിക്കുന്ന പരിഷ്‌ക്കരണത്തിന് അനുകൂലമായി ആരും വോട്ടുചെയ്യില്ലെന്നും ഗ്രാഡി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല