എന്‍.എച്ച്.എസ് പരിഷ്‌ക്കരണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. പരിഷ്‌ക്കരണത്തിലെ ഭേദഗതികളെക്കുറിച്ചും നിര്‍ദ്ദേശങ്ങളെക്കുറിച്ചും ഏറെ വിവാദം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഡൗണിംഗ് സ്ട്രീറ്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിവാദങ്ങള്‍ രൂക്ഷമായതോടെ പരിഷ്‌ക്കരണ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഈസ്റ്റര്‍ അവധി സമയത്ത് ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തണമെന്നാണ് മന്ത്രിമാര്‍ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്നെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
എന്‍.എച്ച്.എസിന്റെ പ്രവര്‍ത്തനം നേരിട്ട് ജി.പികളെ ഏല്‍പ്പിക്കാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഇതില്‍നിന്നും പിന്നോട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഹൗസ് ഓഫ് കോമണില്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചുവെന്നും ഇനി ലോര്‍ഡ്‌സിലേക്കായിരിക്കും ബില്‍ നല്‍കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സ്വകാര്യകമ്പനികള്‍ക്ക് ആളുകളുടെ സ്വകാര്യതയില്‍ കടന്നുകയറാനുള്ള നീക്കമായാണ് പ്രതിഷേധക്കാര്‍ പുതിയ നീക്കത്തെ കാണുന്നത്. മന്ത്രിസഭയില്‍തന്നെ ബില്ലിനെക്കുറിച്ച് തര്‍ക്കമുണ്ടാകുന്നതിനെ ഡേവിഡ് കാമറൂണ്‍ അനുകൂലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ബില്ലിലെ ചില നിര്‍ദ്ദേശങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്നും സര്‍ക്കാറുമായി അടുത്ത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല