സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം വരുന്നു, സ്ത്രീകള്‍ക്കായി ആറു സീറ്റുകള്‍ മാറ്റിവക്കും. ആഭ്യന്തര വിമാന സര്‍വിസുകളിലാണ് ഈ മാസം 18 മുതല്‍ സ്ത്രീകള്‍ക്ക് സംവരണ സീറ്റുകള്‍ ലഭ്യമാക്കുക. ലോകത്ത് ആദ്യമായാണ് വിമാനത്തില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നടപ്പാക്കുന്നത്.
ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ചിലപ്പോള്‍ മധ്യത്തിലോ അല്ലെങ്കില്‍ വിന്‍ഡോ സീറ്റോ ആണ് ലഭിക്കുന്നതെങ്കില്‍ ബാത്ത്‌റൂമില്‍ പോകാനടക്കം ഉണ്ടാകുന്ന അസൗകര്യം പരിഗണിച്ചാണ് നടപടിയെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഇത് കണക്കിലെടുത്ത് മൂന്നാം നിരയിലെ ആറ് സീറ്റുകളാണ് പൂര്‍ണമായും സ്ത്രീകള്‍ക്കായി മാറ്റിവക്കുന്നത്.
എയര്‍ബസ് എ. 320 വിമാനത്തിന്റെ ഇക്കണോമി ക്‌ളാസിലാണ് ആദ്യം സീറ്റ് സംവരണം പ്രാബല്യത്തില്‍ വരുക. അതേസമയം, കുടുംബത്തോടൊപ്പം യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് സംവരണസീറ്റില്‍ ഇരിക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. സംവരണ സീറ്റുകള്‍ക്ക് അധിക ചാര്‍ജ് ചുമത്തില്ലെന്നും ഈ സീറ്റുകള്‍ വനിതാ യാത്രക്കാര്‍ക്ക് മാത്രമായി മാറ്റിവെക്കുമെന്നും എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹണി പറഞ്ഞു.
എയര്‍ ഇന്ത്യയുടെ മുംബൈനേവാര്‍ക് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയെ യാത്രക്കാരില്‍ ഒരാള്‍ അപമാനിച്ചുവെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല