ലണ്ടന്‍: ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വാക്‌സിന്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തും. ടെലോവാക്‌സ് എന്ന മരുന്നാണ് ക്യാന്‍സറിനോടും ട്യൂമറിനോടും പൊരുതാനെത്തുന്നത്.
ക്യാന്‍സറുകളില്‍ ഏറ്റവും ഭീകരമായ ഒന്നായ പാന്‍ക്രിയാറ്റിക് ക്യാന്‍സറുള്ള നൂറുകണക്കിന് രോഗികള്‍ക്ക് ഇപ്പോള്‍ ടെലോവാക് നല്‍കിയിട്ടുണ്ട്. ത്വക്ക്, ശ്വാസകോശം, ലിവര്‍ എന്നിവിടങ്ങളിലെ ക്യാന്‍സറിനോടും പൊരുതാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ ചെറുക്കാനും ഇതിന് കഴിഞ്ഞേക്കാം.
ഈ ആറ് അവയവങ്ങളിലുണ്ടാകുന്ന ക്യാന്‍സര്‍ മൂലം യു.കെയില്‍ വര്‍ഷത്തില്‍ 70,000 പേര്‍ മരിക്കുന്നുണ്ട്. പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ കാര്യത്തിലാണെങ്കില്‍ അതിജീവിക്കുന്നതിനുള്ള സാഹചര്യം വളരെകുറവാണ്. രോഗം തിരിച്ചറിഞ്ഞ് ആറ് മാസത്തിനുള്ളില്‍ രോഗി മരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വെറും 3% പേര്‍മാത്രമാണ് അഞ്ച് വര്‍ഷം വരെയെങ്കിലും രോഗത്തോട് പൊരുതി ജീവിക്കുന്നത്.
രോഗം തടയാനാണ് വാക്‌സിനുകള്‍ ഉപയോഗിക്കുന്നതെങ്കിലും ടെലോവിക് രോഗ ചികിത്സയ്ക്കും ഉപയോഗിക്കാനായി തയ്യാറാക്കിയതാണ്. ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്ന മരുന്നുകളാണ് ഇപ്പോള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നത്. ഇതിനു പകരമായി ടെലോവിക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ട്യൂമറുകളോട് പൊരുതുന്നതിനായി ശരീരത്തെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ടെലോവിക് പരീക്ഷിക്കുന്നതിന്റെ ഭാഗമായി യു.കെയിലുള്ള 1,000ത്തോളം പാന്‍ക്രിയാറ്റിക് കാന്‍സര്‍ രോഗികള്‍ക്ക് മറ്റുമരുന്നിനൊപ്പമായോ അല്ലാതെയോ ടെലോവിക് നല്‍കിയിട്ടുണ്ട്. അടുത്തവര്‍ഷം മാത്രമേ ഇതിന്റെ ഫലം അറിയാന്‍ കഴിയൂ. എങ്കിലും ഈ മരുന്നുകള്‍ നല്‍കിയ രോഗികള്‍ പറയുന്നത് തങ്ങള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷം അധികം ജീവിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നാണ്.
യു.കെയുടെ ധനസഹായത്തില്‍ നടത്തുന്ന ക്യാന്‍സര്‍ പഠനങ്ങളാണ് ഈ വാക്‌സിന്റെ ഗുണങ്ങള്‍ കണ്ടെത്തിയത്. 2013 ഓടെ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഡോ.ജെയ് സാഗ്‌ജെ കിമ്മിന്റെ നേതൃത്വത്തിലാണ് ഈ വാക്‌സിനിന്റെ നിര്‍മ്മാണം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല