ക്രിസ്മസ് -അദ്യശ്യനായ ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവം. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് തണുത്ത ഒരു ഡിസംബര്‍ രാത്രിയില്‍ ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ജാതനായ ലോകരക്ഷകന്റെ ജനനത്തെ ഓര്‍ക്കുന്ന അവസരം.
സകല ജനത്തിന്റെയും രക്ഷയ്ക്കായി ദൈവം മനുഷ്യരൂപം കൈക്കൊണ്ട മഹാസംഭവമാണ് ക്രിസ്മസ്. രക്ഷയുടെ സമയം. രക്ഷകന്റെ തിരുവവതാരദിനം.
ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും ക്രിസ്തു നിറവേറ്റുന്ന ദൗത്യത്തെക്കുറിച്ചും നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രവാചകന്മാര്‍ വെളിപ്പെടുത്തിയിരുന്നു. ബി സി എട്ടാം നൂറ്റാണ്ടിലായിരുന്നു ക്രിസ്തു എന്ന രക്ഷകന്റെ ജനനത്തെക്കുറിച്ച് ആദ്യ പ്രവചനമുണ്ടായത്. യെശയ്യാ എന്ന മഹാപ്രവാചകന്‍ രക്ഷകന്റെ ജനനത്തെക്കുറിച്ച് ആദ്യമായി പ്രവചിച്ചു. ‘കന്യക ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന്‍ അത്ഭുത മന്ത്രി , വീരനാം ദൈവം, നിത്യ പിതാവ് എന്നറിയപ്പെടും’ – ഇതായിരുന്നു രക്ഷകന്റെ ജനനത്തെക്കുറിച്ച് യെശയ്യാ പ്രവാചകന്റെ അരുളപ്പാട്.
ഇതോടൊപ്പം യെശയ്യാ മറ്റൊന്നു കൂടി പ്രവചിച്ചിരുന്നു.’അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം മഹത്തായ പ്രകാശം കണ്ടു. ഇരുളിന്റെ ദേശത്തു വസിച്ചിരുന്നവര്‍ക്ക് ദിവ്യദീപ്തിയും ശുഭ പ്രതീക്ഷയും ചൊരിയപ്പെട്ടു’.
ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്, പാപത്തില്‍ നിന്നും പുണ്യത്തിലേയ്ക്ക് ലോകമാകെ ഉറ്റുനോക്കുന്ന മഹാരക്ഷയുടെ ആഘോഷം…
കന്യക ഗര്‍ഭം ധരിച്ച മകന്‍ എവിടെ ജനിക്കുമെന്ന് വെളിപ്പെടുത്തിയത് മറ്റൊരു പ്രവാചകനായിരുന്നു. യെശയ്യായുടെ സമകാലീനനായ മീഖാ. യഹൂദ്യയിലെ ബത്ലഹേമില്‍ രക്ഷകന്‍ ജനിക്കുമെന്ന് മീഖാ പ്രവചിച്ചു.
പ്രവചനങ്ങളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഡിസംബര്‍ മാസത്തിലെ കുളിരുള്ള രാത്രിയില്‍ രക്ഷകന്‍ പിറന്നു. ചരിത്രത്തില്‍ ഏറ്റവും വിനീതമായ പിറവി. കാലിത്തൊഴുത്തില്‍. കീറത്തുണികളില്‍ പൊതിഞ്ഞ് വിറങ്ങലിച്ചു കിടന്ന ശിശുവിനെ ആദ്യം കാണാന്‍ ഭാഗ്യമുണ്ടായതും താഴ്മയുടെ പ്രതീകങ്ങള്‍ക്കായിരുന്നു-ആട്ടിടയന്മാര്‍ക്ക്.
തിരുജനനരാത്രിയില്‍ ബത്ലഹേമിന് സമീപം സമീപം കൂടാരമടിച്ചു കഴിഞ്ഞിരുന്ന ആട്ടിടയന്മാര്‍ക്ക് ദൈവദൂതന്‍ പ്രത്യക്ഷനായി. ‘ഭയപ്പെടേണ്ട. സര്‍വÿജനങ്ങള്‍ക്കും വേണ്ടിയുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ക്രിസ്തു എന്ന രക്ഷകന്‍ പിറന്നിരിക്കുന്നു’.
ദൈവദൂതന്റെ ശബ്ദത്തിനു പിന്നാലെ അഗ്നി തേജസോടു കൂടിയ മാലാഖമാരുടെ സംഘം രക്ഷകന്റെ പിറവിയെ സ്തുതിക്കുന്ന കാഴ്ചയും ആട്ടിടയന്മാര്‍ക്ക് അനുഭവപ്പെട്ടു.
‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവ കൃപ ലഭിച്ചിരിക്കുന്നവര്‍ക്ക് സമാധാനം’.
ഇതാണ് ക്രിസ്മസിന്റെ സന്ദേശം. സകല ജനങ്ങള്‍ക്കും വേണ്ടിയുള്ള മഹത്തായ സന്തോഷത്തിന്റെ വാര്‍ത്തയുമായി , ഹൃദയം തകര്‍ന്നിരിക്കുന്നവര്‍ക്ക് ആശ്വാസവും തടവുകാര്‍ക്ക് വിടുതലും ബദ്ധന്മാര്‍ക്ക് സ്വാതന്ത്യ്രവും , ദു:ഖിതര്‍ക്ക് ആശ്വാസവുമായി ഒരു ക്രിസ്മസ് കൂടി…
ആശയറ്റവര്‍ക്ക് പ്രത്യാശയുടെ നിറനിലാവായി, ആലംബഹീനര്‍ക്ക് അത്താണിയായി , ബന്ധിതര്‍ക്ക് വിമോചനത്തിന്റെ രക്ഷാനുഭവമായി , സകല മനുഷ്യര്‍ക്കും മഹാസന്തോഷവുമായി ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ ഓര്‍മ്മ..ഈ പുണ്യ വേളയില്‍ എല്ലാ മാന്യ വായനക്കാര്‍ക്കും NRI മലയാളിയുടെ ക്രിസ്മസ് ആശംസകള്‍ നേരുന്നു. !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല