പ്രസിദ്ധമായ എല്‍ മാഗസിന്‍ കവര്‍ ചിത്രത്തില്‍ ഐശ്വര്യാ റായിയുടെ തൊലി വെളുപ്പിച്ചത് വന്‍ വിവാദമാവുന്നു.
മാഗസിന്റെ പുതിയ ലക്കത്തില്‍ ഐശ്വര്യയാണ് കവറില്‍. ഐശ്വര്യ യൂറോപ്യന്‍ വനിതയുടേതിനു തുല്യമായ ചര്‍മകാന്തിയോടെയാണ് കവറില്‍ പ്രത്യക്ഷപ്പെടുന്നത്. തെക്കേ ഇന്ത്യക്കാരിയായ ഐശ്വര്യയെ വര്‍ണവെറി മനസ്‌സില്‍വച്ച് മാഗസിന്‍ വെളുത്തവളാക്കിയെന്നാണ് വായനക്കാര്‍ പ്രധാനമായും ആരോപിക്കുന്നത്.
ബ്രൈഡ് ആന്‍ഡ് പ്രെജുഡൈസിലും പിങ്ക് പാന്തര്‍ 2 വിലും അഭിനയിച്ച ഐശ്വര്യ യൂറോപ്പുകാര്‍ക്ക് സുപരിചിതയാണ്. മുന്‍ ലോക സുന്ദരി എന്ന നിലയിലും ഐശ്വര്യ പ്രസിദ്ധയാണ്. ഐശ്വര്യയെ എല്ലാവര്‍ക്കും നന്നായി അറിയാമെന്നിരിക്കെ മാഗസിന്‍ അവരുടെ ചിത്രത്തില്‍ ചര്‍മ്മം വെളുപ്പിച്ചത് ദുഷ്ടലാക്കോടെയായിരുന്നെന്നാണ് വായനക്കാരുടെ ആരോപണം.
എല്‍ മാഗസിന്‍ ഇതിനുമുന്‍പും സമാനമായ വിവാദത്തില്‍ പെട്ടിട്ടുണ്ട്. സെപ്തംബറില്‍ പുറത്തിറങ്ങിയ ലക്കത്തില്‍ കറുത്ത വര്‍ഗക്കാരിയായ നടി ഗാബൊറി സിഡിബിനെയും ഇതുപോലെ വെളുപ്പിച്ച് അവതരിപ്പിച്ചിരുന്നു. ഇതും വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
എന്നാല്‍, വിവാദത്തെക്കുറിച്ച് മാസികയോ ഐശ്വര്യയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല