ഇന്ത്യന്‍ സംഗീതത്തിലെ മുടിചൂടാമന്നന്‍ എ ആര്‍ റഹ്മാന്‍ ഒരു വര്‍ഷം സംഗീതലോകത്തുനിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. 2011 വിശ്രമത്തിന്റെ വര്‍ഷമാക്കാനാണ് റഹ്മാന്റെ തീരുമാനം. ഈ തീരുമാനം റഹ്മാന്‍ വളരെ നേരത്തേ തന്നെ എടുത്തിരുന്നതാണ്. ഇക്കാരണം കൊണ്ടുതന്നെ റഹ്മാന്‍ കുറച്ചുനാളായി പുതിയ പ്രോജക്ടുകള്‍ ഒന്നും സ്വീകരിക്കാതിരിക്കുകയായിരുന്നു. കുറച്ച് വിശ്രമം അത്യാവശ്യമാണെന്നു തോന്നി. വല്ലാതെ ഓടിത്തളര്‍ന്നു. ഇനി കുറച്ചൊന്നിരിക്കണം എന്നാണ് വിശ്രമവേളയെക്കുറിച്ച് റഹ്മാന്‍ പ്രതികരിച്ചത്.
വിശ്രമകാലം കുടുംബത്തിനൊപ്പം ചെലവിടാനാണ് സംഗീതസമ്രാട്ടിന്റെ തീരുമാനം. ഈ സമയത്ത് പത്രക്കാരെപ്പോലും അടുപ്പിക്കില്ല. എല്ലാത്തില്‍നിന്നും വിട്ട് കുടുംബത്തിനുമാത്രമായി ഒരു വര്‍ഷം. എന്നാല്‍, വിശ്രമകാലത്തും കെഎം കോളേജ് ഒഫ് മ്യൂസിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം അവധിയില്ല. ഏറ്റവും ഒടുവില്‍ റഹ്മാന്‍ ചെയ്തുതീര്‍ത്തത് രജനീകാന്തിന്റെ അനിമേഷന്‍ ചിത്രമായ ഹരായുടെ സംഗീതമൊരുക്കലാണ്. ആ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇതേസമയം, ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവതരണഗാനം ഒരുക്കുന്ന വേളയില്‍ കേട്ട പഴിയും വിമര്‍ശനവുമാണ് റഹ്മാനെ റഹ്മാന്‍ വിശ്രമമെടുക്കാന്‍ കാരണമെന്നു പറയുന്നുണ്ട്. അഞ്ചു കോടി രൂപ വാങ്ങിക്കൊണ്ടു ചെയ്ത ഗെയിംസ് ടൈറ്റില്‍ സോംഗ് ലോക കപ്പ് ഫുട്‌ബോള്‍ കാലത്ത് ഷാക്കിറ ഒരുക്കിയ വക്കാവക്കായുടെ വികല അനുകരണമാണെന്നു വരെ ആരോപണം ഉയര്‍ന്നിരുന്നു. ഗ്രാമിയും ഓസ്‌കാറും നേടിയ കാലത്തുതന്നെയാണ് ഈ ആക്ഷേപവും കേള്‍ക്കേണ്ടിവന്നത്. വല്ലാതെ തിരക്കുപിടിച്ച സംഗീതജീവിതമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് ഇടവരുത്തുന്നതെന്ന് റഹ്മാന്‍ സ്വയം തിരിച്ചറിയുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വിശ്രമമെടുക്കാനുള്ള തീരുമാനമത്തിനു പിന്നിലെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല