ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 268 റണ്‍സ്. മഴ വില്ലനായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 46 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സാണ് നേടിയത്. മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 46 ഓവറില്‍ 268 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഇരു ടീമുകളും രണ്ടു മത്സരങ്ങള്‍ വീതം ജയിച്ച് പരമ്പര സമനിലയില്‍ നില്‍ക്കുകയാണ്.
മുനാഫ് പട്ടേലിന്റെ മെച്ചപ്പെട്ട ബൗളിങ് പ്രകടനമുണ്ടായിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് ഹാഷിം ആംലയുടെ കിടയറ്റ സെഞ്ച്വറിയാണ്. 132 പന്തില്‍ നിന്ന് 116 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആംല ഇന്ത്യന്‍ ബൗളിങ്ങിനെ ഫലപ്രദമായാണ് പ്രതിരോധിച്ചത്. 43-ാം ഏകദിനം കളിക്കുന്ന ആംലയുടെ ഏഴാം സെഞ്ച്വറിയാണിത്. 184 മിനിറ്റ് ക്രീസില്‍ നിന്ന് ആംലയുടെ സെഞ്ച്വറിക്ക് ഒന്‍പത് ബൗണ്ടറികള്‍ അകമ്പടി സേവിച്ചു.
സ്‌കോര്‍ 16ല്‍ നില്‍ക്കുമ്പോള്‍ സഹീര്‍ ഖാന്റെ ഒരു പന്തിന്റെ ഗതി വായിച്ചെടുക്കാന്‍ വിഷമിച്ച സ്മിത്ത് (7) ഒരിക്കല്‍ക്കൂടി നിസാരമായ സ്‌കോറില്‍ പുറത്തായി പ്രതിരോധത്തിലായ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിനെ ആംല ഏറെക്കുറെ തനിച്ചാണ് പ്രതീക്ഷയുള്ള കരയിലെത്തിച്ചത്. 56 റണ്‍സെടുത്ത വാന്‍ വൈക്ക് ആംലയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 97 റണ്‍സാണ് നേടിയത്. ഡൂംനി 35 റണ്‍സെടുത്തു. കൂറ്റന്‍ സ്‌കോറിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ വഴി മുടക്കിയത് മഴയാണ്. പിന്നീട് ഒരു തിരിച്ചുവരവ് അവര്‍ക്ക് സാധ്യമായില്ല. നാലിന് 131 റണ്‍സ് എന്ന നിലയില്‍ നിന്ന് അവര്‍ ക്ഷണത്തില്‍ നിലംപതിച്ചു. ഇരുപത് റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 46-ാം ഓവറില്‍ ഒരു റണ്‍ പോലും നേടാതെ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് അടുത്തടുത്ത പന്തുകളില്‍ വീണത്. 45.2 ഓവറില്‍ പീറ്റേഴ്‌സണെ സഹീര്‍ ഖാനെ മടക്കിയപ്പോള്‍ അടുത്ത രണ്ട് പന്തുകളില്‍ സ്‌റ്റെയിനും മോര്‍ക്കലും റണ്ണൗട്ടായി.
മുനാഫ് പട്ടേല്‍ മൂന്നും സഹീര്‍ ഖാനും യുവരാജ്‌സിങ്ങും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല