ഏഴു വർഷങ്ങളുടെ നീണ്ട ഇടവേളക്കു ശേഷം പുതിയ നോവലുമായെത്തുകയാണ് സൽമാൻ റുഷ്ദി. രണ്ടു വർഷങ്ങൾ, എട്ടു മാസങ്ങൾ, ഇരുപത്തിയെട്ടു രാത്രികൾ എന്നു പേരിട്ടിരിക്കുന്ന നോവൽ സെപ്റ്റംബറിൽ റാൻഡം ഹൗസ് പ്രസാധകരാണ് പുറത്തിറക്കുക.
ചരിത്രവും പുരാണവും പ്രണയവും ഇടകലരുന്നതാണ് പുതിയ നോവലെന്ന് പ്രസാധകർ അവകാശപ്പെടുന്നു. തന്റെ മറ്റു നോവലുകളിൽനിന്ന് വ്യത്യസ്തമായി ഏതാണ്ട് 250 പേജുകൾ മാത്രം വരുന്ന ചെറു നോവലാകും രണ്ടു വർഷങ്ങൾ എന്ന് റുഷ്ദി പറഞ്ഞു.
റുഷ്ദിയുടെ അവസാനത്തെ നോവൽ 2008 ൽ പുറത്തിറങ്ങിയ ദി എഞ്ചാന്റ്രസ് ഓഫ് ഫ്ലോറൻസ് ആയിരുന്നു. 2012 ൽ പുറത്തിറങ്ങിയ ജോസെഫ് ആന്റൺ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.
1988 ൽ സാത്താന്റെ വചനങ്ങൾ എന്ന നോവലാണ് റുഷ്ദിയെ വിവാദ നായകനാക്കിയത്. സാത്താന്റെ വചനങ്ങൾ എഴുതിയതിന്റെ പേരിൽ ഇറാനിലെ മത നേതാക്കളിൽ നിന്ന് വധ ശിക്ഷാ ഭീഷണി നേരിടുന്നയാളാണ് റുഷ്ദി.
മിഡ്നൈറ്റ്സ് ചിൽഡ്രൻ ഉൾപ്പടെ അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച നിരവധി നോവലുകൾ അദ്ദേഹത്തിന്റേതായുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ നൈറ്റ്‌ഹുഡ് ഉൾപ്പടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല