ദോഹ: ഓസ്‌ട്രേലിയയെ തോല്പിച്ച് ജപ്പാന്‍ ഏഷ്യന്‍ കിരീടം വീണ്ടെടുത്തു. ഫൈനലില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. അധികസമയത്ത് പകരക്കാരന്‍ തദനാരി ലീ നേടിയ ഗോളാണ് ജപ്പാന് തുണയായത്.
നാലാം തവണയാണ് ജപ്പാന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിയുന്നത്. ഭൂമിശാസ്ത്രപരമായി ഏഷ്യയിലല്ലെങ്കിലും 2007മുതല്‍ ഏഷ്യന്‍ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ഓസ്‌ട്രേലിയക്ക് ഇത്തവണയും നിരാശയോടെ മടങ്ങേണ്ടി വന്നു. നാലാം കിരീടം നേടിയതോടെ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായതിന്റെ റെക്കോഡും ജപ്പാന് സ്വന്തമായി.
അധികസമയത്ത് 110-ാം മിനിറ്റിലാണ് തദനാരിയുടെ ഗോള്‍ പിറന്നത്. നഗാട്ടോമോയുടെ ക്രോസില്‍ ഒന്നാംതരം ഷോട്ടുതിര്‍ത്താണ് കൊറിയന്‍ വംശജനായ തദനാരി ഗോള്‍ നേടിയത്. 2004ല്‍ ദക്ഷിണകൊറിയയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ച തദനാരിയുടെ ആദ്യ അന്താരാഷ്ട്ര ഗോളാണ് കളിയുടെ വിധി നിര്‍ണയിച്ചത്. ഗോള്‍ വഴങ്ങിയെങ്കിലും തുടര്‍ന്നും തിരിച്ചടിക്കാന്‍ ഓസ്‌ട്രേലിയ ശ്രമിച്ചെങ്കിലും ജപ്പാന്‍ പ്രതിരോധവും ഗോളി കവാഷിമയും പിടിച്ചുനിന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ ഹാരി ക്യുവലിന്റെയും ടിം കാഹിലിന്റെയും സാന്നിധ്യം കളിയില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം സമ്മാനിച്ചെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ഓസ്‌ട്രേലിയയുടെ ഗോള്‍ശ്രമങ്ങള്‍ തടഞ്ഞ കവാഷിമയാണ് ജപ്പാന്റെ വിജയശില്പി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല