ലണ്ടന്‍: ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളായി അടയാളപ്പെടുത്തിയ യൂറോപ്പ്, മധ്യേഷ്യ, ഏഷ്യ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ ജീവന് അപകടത്തിലാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോകത്തിലെ പ്രധാന ഭൂകമ്പസാധ്യതയുള്ള മേഖലകളേക്കാള്‍ ഈ മൂന്ന് പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അവര്‍ അറിയിച്ചു. ഈ ഭൂഖണ്ഡങ്ങളുടെ ഉള്‍ഭാഗത്താണ് ഭൂകമ്പസാധ്യതയെന്നതിനാല് കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഭൗമപാളികള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചും, ഭൗമോപരിതലം കൂട്ടിയിടിച്ചും, തമ്മില്‍ ഉരസിയും 800,000 ആളുകള്‍ മരിച്ചതായാണ് നാച്യുറല്‍ ജിയോ സയന്‍സ് ജേണലിലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതില്‍ പകുതി മരണവും ജപ്പാനില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടായതുപോലുള്ള സുനാമി കാരണമായിരുന്നു. അതായത് ഭൂകമ്പത്തേക്കാള്‍ അതിനെതുടര്‍ന്നുണ്ടായ ദുരന്തങ്ങളാണ് ഇവിടെ മരണസംഖ്യ കൂടാനിടയാക്കിയത്.
എന്നാല്‍ ഭൂഖണ്ഡങ്ങളുടെ ഉള്ഭാഗത്തുണ്ടാവുന്ന ഭൂകമ്പം 1.4മില്യണ്‍ ആളുകളുടെയെങ്കിലും മരണത്തിനു കാരണമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂകമ്പസമയത്ത് ഭൗമോപരിതലം ഇളകിമറിഞ്ഞും, കെട്ടിടങ്ങള്‍ തകര്ന്നുമായിരിക്കും ഈ മരണങ്ങളുണ്ടാവുക.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഫിലിപ്പ് ഇംഗ്ലണ്ട്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ജാക്സണ് എന്നിവര്‍ ഭൂകമ്പങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തുകയുണ്ടായി. കഴിഞ്ഞ 120 വര്‍ഷത്തിനുള്ളിലുണ്ടായ ഭൂകമ്പത്തെ 130 വിഭാഗമാക്കി ഇവര്‍ വര്‍ഗീകരിച്ചിട്ടുണ്ട്. ഈ പഠനങ്ങളില്‍ നിന്നാണ് ഭൂഖണ്ഡങ്ങളുടെ ഉള്‍ഭാഗത്തുണ്ടാകുന്ന ഭൂകമ്പം കൂടുതല്‍ പ്രഹരശേഷിയുള്ളതാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
ആല്ഫൈന് ഹിമാലയന്‍ ബെല്‍റ്റിലെ 10 മില്യണ്‍ സ്ക്വയര്‍ കിലോമീറ്ററും, ഗ്രീസ്, തുര്‍ക്കി, ഇറാന്, ചൈന, തുടങ്ങിയ രാജ്യങ്ങളിലും, ഏഷ്യയുടെ മധ്യഭാഗത്തും ഭൂകമ്പസാധ്യതയുള്ളതായി പല ശാസ്ത്രീയ പഠനങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും വിദഗ്ധര്‍ വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല