സ്വവര്‍ഗങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലും വിവാഹവും ദാമ്പത്യവും അനുവദനീയമാണോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഹിന്ദു ആചാരപ്രകാരം അമേരിക്കന്‍ ദമ്പതികള്‍ നേപ്പാളില്‍ വിവാഹിതരായി. പൊതുവേദിയില്‍വച്ചുനടക്കുന്ന ഏഷ്യയിലെ ആദ്യത്തെ ലെസ്ബിയന്‍ വിവാഹമാണിതെന്നാണ് സാമൂഹിക പ്രവര്‍ത്തകനായ പ്രദീപ് ഖഡ്ക പറയുന്നത്.
അമേരിക്കയില്‍നിന്നുവന്ന നാല്പത്തൊന്നുകാരിയായ കോര്‍ട്‌നി മിച്ചലും നാല്പത്തൊട്ടുകാരിയായ സാറ വാള്‍ട്ടണ്‍ (48) മാണ് വിവാഹിതരായത്. കൊളറാഡോ ആസ്ഥാനമായുള്ള യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റാണ് കോര്‍ട്‌നി. സാറ ഒരു അഭിഭാഷകയും.
നേപ്പാളിന്റെ പാരമ്പര്യ ഹിന്ദു ആചാര്യപ്രകാരമാണ് വിവാഹചടങ്ങുകള്‍ നടന്നത്. കാഠ്മണ്ഡുവിലെ ദക്ഷിണകാളി ക്ഷേത്രത്തില്‍ വച്ച് പൂജാരി ഇവരെ ആണും പെണ്ണുമായി പ്രഖ്യാപിച്ചായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.
കഴിഞ്ഞയാഴ്ചതന്നെ കാഠ്മണ്ഡുവിലെത്തിയ ജോടികള്‍ വിവാഹത്തിനുവേണ്ട ആചാരപ്രകാരമുള്ള ആടയാഭരണങ്ങളെല്ലാം വാങ്ങിയിരുന്നു. ഇവരെ ഒരുക്കുന്നതിനും വേണ്ട സജ്ജീകരണങ്ങളെല്ലാം ലെസ്ബിയന്‍ പിന്തുണക്കാര്‍ തയ്യാറാക്കിയിരുന്നു. മുടിയെല്ലാം വെട്ടിയൊതുക്കി ഷോട്ട് പാന്റ്‌സും മഞ്ഞനിറമുള്ള ഷര്‍ട്ടും ധരിച്ചാണ് സാറ എത്തിയത്.
പിങ്ക് മൗണ്ടൈന്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് എന്ന ഏജന്‍സിയാണ് വിവാഹങ്ങള്‍ക്കുവേണ്ടി ഒരുക്കങ്ങളെല്ലാം ചെയ്തത്. ലെസ്ബിയനിസവും ഒരേവര്‍ഗ്ഗങ്ങളും തമ്മിലുള്ള ബന്ധങ്ങളും പ്രോത്‌സാഹിപ്പിക്കുന്ന ബ്ലൂ ഡയമണ്ട് സൊസൈറ്റിക്ക് രൂപംനല്‍കിയിരിക്കുന്ന വ്യക്തിയായ സുനില്‍ ബാബു പാന്താണ് പിങ്ക് മൗണ്ടൈനിന്റെ നടത്തിപ്പുകാരന്‍.
1998മുതല്‍ 2003 വരെ മിച്ചല്‍ നേപ്പാളിലായിരുന്നു. നേപ്പാളിനോട് മിച്ചലിനുള്ള താല്‍പര്യമാണ് സാറയെ ഇവിടെയെത്തിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍.
ഒരേ ലിംഗത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹം നിയമവിധേയമാക്കുന്നതിനെകുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കാന്‍ 2007ല്‍ നേപ്പാള്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതുപ്രകാരം രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടുത്തുതന്നെ സമര്‍പ്പിക്കാനിരിക്കെയാണ് ഇവിടെ സ്വവര്‍ഗ വിവാഹം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല