ദോഹ: ഏഷ്യ കപ്പില്‍ കരുത്തരായ സൗദി അറേബ്യയ്ക്ക് സിറിയയുടെ തിരിച്ചടി. ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറിയ അട്ടിമറിവിജയം നേടിയത്. കരുത്തരായ ജപ്പട്ടന്‍ ഇഞ്ച്വറി ടൈം ഗോളില്‍ ജോര്‍ദനോട് സമനില വഴങ്ങിയതിന് തൊട്ടുപിറകെയായിരുന്നു സൗദിയുടെ ഞെട്ടിക്കുന്നു തോല്‍വി.
ഇതേ തുടര്‍ന്ന് സൗദി അറേബ്യ കോച്ച് ഹൊസെ പെസെയ്‌രോയെ പുറത്താക്കി. ഗ്രൂപ്പ് ബിയിലെ അവസാനത്തെ രണ്ടു മത്സരങ്ങളില്‍ നാസര്‍ അല്‍ ജോഹര്‍ ടീമിനെ പരിശീലിപ്പിക്കും. ജപ്പാനും ജോര്‍ദനുമെതിരെയാണ് ഈ മത്സരങ്ങള്‍. ഇത് അഞ്ചാമത്തെ തവണയാണ് ജോഹര്‍ ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2009ല്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ ജോഹര്‍ പിന്നീട് ടെക്‌നിക്കല്‍ ഡയറക്ടറായി ടീമിനൊപ്പം ചേരുകയായിരുന്നു.
ഇരുപത്തിനാലുകാരനായ മിഡ്ഫീല്‍ഡര്‍ അബ്ദുള്‍ റസാഖ് അല്‍ ഹുസൈന്റെ ഇരട്ടഗോളിലാണ് സിറിയ മൂന്നു വട്ടം കിരീടം ചൂടിയ സൗദിയെ വീഴ്ത്തിയത്. 38-ാം മിനിറ്റില്‍ അല്‍ ഹുസൈന്‍ സിറിയയെ ആദ്യമായി മുന്നിലെത്തിച്ചു. 60-ാം മിനിറ്റില്‍ പകരക്കാരന്‍ തൈസീര്‍ അല്‍ ജാസെമിലൂടെ സൗദി സമനില നേടിയെങ്കിലും മൂന്ന് മിനിറ്റിനുള്ളില്‍ അല്‍ ഹുസൈന്‍ സിറിയക്ക് വിജയഗോള്‍ സമ്മാനിച്ചു.
അഞ്ചു തവണ ഫൈനല്‍ കളിച്ച സൗദിക്കു തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം. കാണികളുടെ അകമഴിഞ്ഞ പിന്തുണ അവരുടെ ശരക്തി ഇരട്ടിയാക്കി. എന്നാല്‍ ഇതൊന്നും സ്‌കോറിങ്ങില്‍ പ്രതിഫലിച്ചില്ല. ഏതാണ്ട് മുപ്പതു മിനിറ്റ് കഴിഞ്ഞാണ് സിറിയക്ക് ആദ്യമായി ഗോളിലേയ്ക്ക് നിറയൊഴിക്കാന്‍ കഴിഞ്ഞതുതന്നെ. ഈ ജയത്തോടെ സിറിയ ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റുമായി മുന്നിലെത്തി.
സിറിയക്കെതിരായ മത്സരത്തില്‍ ഗുരുതരമായ പിഴവുകള്‍ വരുത്തിയതിനാണ് പെസെയ്‌രോയെ പുറത്താക്കിയതെന്ന് സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുബ അസീസ് രാജകുമാരന്‍ അറിയിച്ചു. സറിയക്കെതിരെ തെറ്റായ തന്ത്രങ്ങളെയാണ് കോച്ച് ആശ്രയിച്ചതെന്നും ഇതാണ് തോല്‍വിക്ക് വഴിവച്ചതെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും കോച്ചിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
ടൂര്‍ണമെന്റുകള്‍ക്കിടയില്‍ പരിശീലകരെ പുറത്താക്കുന്നത് സൗദിയില്‍ ഇത് ആദ്യമായല്ല. 1998ല്‍ ലോകകപ്പിനിടെയാണ് ബ്രസീലുകാരനായ കോച്ച് കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയെ പുറത്താക്കിയത്. രണ്ടു വര്‍ഷത്തിനുശേഷം ഏഷ്യാ കപ്പില്‍ ജപ്പാനോട് ഒന്നിനെതിരെ നാലു ഗോളിന് തോല്‍വി വഴങ്ങേണ്ടിവന്നതിനെ തുടര്‍ന്ന് ചെക് റിപ്പബ്ലിക്കുകാരനായ പരിശീലകന്‍ മിലാന്‍ മക്കാളയെയും സൗദി പുറത്താക്കിയിരുന്നു. നാലു വര്‍ഷത്തിനുശേഷം ഇറാക്കിനോട് തോറ്റ് ചരിത്രത്തില്‍ ആദ്യമായി ഏഷ്യാ കപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായതിനെ തുടര്‍ന്ന് ജെറാഡ് വാന്‍ ഡെര്‍ ലെമിനെയും സൗദി പുറത്താക്കി. ഇതെല്ലാമടക്കം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇരുപത്തിയേഴ് തവണ പരിശീലകരെ മാറ്റിയ ചരിത്രമുണ്ട് സൗദിക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല