ന്യൂഡല്‍ഹി: ഐപിഎല്‍ നാലാം സീസണിലെ മല്‍സരക്രമങ്ങള്‍ക്ക് അന്തിമരൂപമായി. ഏപ്രില്‍ എട്ടു മുതല്‍ മേയ് 28 വരെയാണ് ഈ വര്‍ഷത്തെ ഐപിഎല്‍ മല്‍സരങ്ങള്‍. പ്രാഥമിക റൌണ്ടില്‍ പത്തു ടീമുകള്‍ക്കും പതിനാലു മല്‍സരങ്ങള്‍ വീതമാണുള്ളത്. അഞ്ച് ടീമുകള്‍ക്കെതിരെ ഹോം ആന്‍ഡ് എവെ അടിസ്ഥാനത്തില്‍ രണ്ടു തവണയും മറ്റ് രണ്ട് ടീമുകള്‍ക്കെതിരെ ഹോം മത്സരങ്ങള്‍ മാത്രവും രണ്ടു ടീമുകള്‍ക്കെതിരെ എവെ മത്സരങ്ങള്‍ മാത്രവുമാണ് കളിക്കേണ്ടത്.
ഇതനുസരിച്ച് പുതിയ കൊച്ചി ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, പുണെ വാരിയേഴ്‌സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ക്കെതിരെ ഹോം ആന്‍ഡ് എവെ അടിസ്ഥാനത്തില്‍ രണ്ട് മത്സരങ്ങള്‍ വീതവും ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കിങ്‌സ് ഇലവന്‍ എന്നിവര്‍ക്കെതിരെ ഹോം മാച്ചുകള്‍ മാത്രവും മുംബൈ ഇന്ത്യന്‍സ്, പുണെ വാരിയേഴ്‌സ് എന്നിവര്‍ക്കെതിരെ എവെ മത്സരങ്ങള്‍ മാത്രവും കളിക്കണം.
രണ്ടു ദിവസത്തെ താരലേലം കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരില്‍ സമാപിച്ചത്. മൊത്തം 127 കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ ലേലത്തിലെടുത്തത്. ഇതിനായി ഇവര്‍ 62.8 ദശലക്ഷം ഡോളര്‍ ചിലവിടുകയും ചെയ്തു.
അതിനിടെ ഇതുവരെ വിറ്റുപോകാത്ത താരങ്ങളെ പിടിക്കാന്‍ പത്തു ടീം ഫ്രാഞ്ചൈസികളും ശ്രമം തുടങ്ങി. ഇതുവരെ ലേലത്തില്‍ പോകാത്ത ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ നിശ്ചയിച്ച വിലയ്ക്കു മാത്രമേ ടീമുകള്‍ക്ക് വാങ്ങാനാവൂ. വിദേശതാരങ്ങള്‍ ഉള്‍പ്പെടെ 127 കളിക്കാരാണ് കഴിഞ്ഞ ദിവസം അവസാനിച്ച ലേലത്തില്‍ വിറ്റു പോകാതിരുന്നത്.
ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കളിക്കാരാണ്. 45 ഇന്ത്യന്‍ താരങ്ങള്‍ ലേലത്തില്‍ പിന്തള്ളപ്പെട്ടിരുന്നു. ഈ പട്ടികയില്‍ രണ്ടാം സ്ഥാനം ഓസ്ട്രേലിയയ്ക്കാണ്. 36 ഓസീസ് താരങ്ങളെ വാങ്ങാന്‍ ഫ്രാഞ്ചൈസികള്‍ തയാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല