ബിസിസിഐ പ്രസിഡന്റ് പദവിയിലേക്ക് ഉറ്റുനോക്കിയിരുന്ന ശ്രീനിവാസന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി വിധി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മേധാവിയെന്ന നിലയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് കോടതി ശ്രീനിവാസനെ വിലക്കി.
ഐപിൽ കോഴ അന്വേഷിച്ച മുദ്ഗൽ സമിതി റിപ്പോർട്ടിന്മേൽ വാദം കേൾക്കുകയായിരുന്നു കോടതി. സൂപ്പർ കിംഗ്സ് മുൻ പ്രിൻസിപ്പലായ ഗുരുനാഥ് മെയ്യപ്പൻ, രാജസ്ഥാൻ റോയൽസ് ടീം ഉടമ രാജ് കുന്ദ്ര എന്നിവർ വാതുവച്ചതിന് തെളിവുണ്ടെന്ന് സുപ്രീം കോടതി ബഞ്ച് പറഞ്ഞു.
ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പൻ. എന്നാൽ മെയ്യപ്പൻ നടത്തിയ ക്രമക്കേടുകൾ ശ്രീനിവാസൻ മറുച്ചുവച്ചു എന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ സംശയത്തിന്റെ നിഴൽ മാത്രമേ അദ്ദേഹത്തിന്റെ മേലുള്ളു. സൂപ്പർ കിംഗ്സിന്റേയും ബിസിസിഐ യുടേയും പ്രസിഡന്റ് പദവി ഒരേ സമയം വഹിച്ചതാണ് ശ്രീനിവാസന് വിനയായത്. സൂപ്പർ കിംഗ്സിൽ തന്റെ കമ്പനിയായ ഇന്ത്യ സിമന്റ്സിനുള്ള ഓഹരി പൂർണമായും പിൻവലിച്ചാലെ ഇനി ശ്രീനിവാസന് മത്സരിക്കാൻ സാധിക്കൂ.
സ്വകാര്യസ്ഥാപനമാണെന്ന ബിസിസിഐയുടെ അവകാശവാദത്തേയും കോടതി ചോദ്യം ചെയ്തു. ബിസിസിഐ പൊതുസ്ഥാപനമാണെന്നും രാജ്യത്തെ നിയമ വ്യവസ്ഥ ബോർഡിനും ബാധമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ടീം മേധാവികൾ വാതുവപ്പിലേർപ്പെട്ടു എന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഐപിൽ വിലക്ക് ഉൾപ്പടെയുള്ള ശിക്ഷകളാണ് സൂപ്പർ കിംഗ്സിനേയും റോയൽസിനേയും ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല