ആപ്പിളിന്റെ ഐ ഫോണിന്റേയും ഐ പാഡിന്റേയും സുരക്ഷയെക്കുറിച്ച് സംശയമുണര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ഉപയോക്താക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്ന പ്രത്യേക ഫയല്‍ ഇത്തരം മോഡലുകളില്‍ കണ്ടെത്തിയതാണ് പുലിവാലായിരിക്കുന്നത്.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ രണ്ട് ബ്രിട്ടിഷ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു വര്‍ഷം മുമ്പേ ആപ്പിള്‍ ഇത്തരത്തിലുള്ള ഒരു ഫയല്‍ ഓരോ മോഡലിലും ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 3 ജി ഫോണിലും ഐ പാഡിലും എല്ലാം ഈ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നും വൈഫൈ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും ലഭിക്കുന്ന വിവരം ഓരോ മോഡലിലും ഘടിപ്പിച്ചിട്ടുള്ള സംവിധാനം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
എന്നാല്‍ ആരെങ്കിലും തങ്ങളുടെ ഫോണോ ഐപാഡോ കമ്പ്യൂട്ടര്‍ സിസ്റ്റവുമായി ബന്ധപ്പെടുത്തിയാല്‍ ഇതിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡ്രൈവിലേക്ക് മാറ്റപ്പെടും. തുടര്‍ന്ന് ആരെങ്കിലും ഈ ഹാര്‍ഡ് ഡ്രൈവ് ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് ആ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ എളുപ്പത്തില്‍ സാധിക്കും. ഹാക്കര്‍മാരെയായിരിക്കും ഇത് ഏറെ സഹായിക്കുക.
ഈ ഫോണ്‍ കാണാതായാല്‍ അത് ലഭിക്കുന്നയാള്‍ക്കും ഇതിലെ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനാകും. സാധാരണ ഉപഭോക്താവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തനം. എന്നാല്‍ ഇത് ഉപഭോക്താവ് പോലും അറിയുന്നില്ല എന്നതാണ് രസകരമായ വസ്തുത. പീറ്റ് വാര്‍ഡന്‍, അലാസ്‌ഡെയര്‍ അലന്‍ എന്നിവരാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല