ലണ്ടന്‍: ലോകത്തിലെ ആദ്യത്തെ ഐ.വി.എഫ് ലോട്ടറി ബ്രിട്ടനില്‍ ഈ മാസം മുതല്‍ നിലവില്‍ വരും. മറ്റ് ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായി ഈ ലോട്ടറി അടിക്കുന്നയാള്‍ നേടുന്നത് ഒരു കുഞ്ഞിനെയായിരിക്കും. ഈ വിവാദ ഗെയിമിന് ഗാംബ്ലിംങ് കമ്മീഷന്റെ ലൈസന്‍സ് ലഭിച്ചുകഴിഞ്ഞു.
ഈ ലോട്ടറി വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് 20പൗണ്ടിന് ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങാം. വിജയിക്കുന്നയാള്‍ക്ക് രാജ്യത്തെ ഏറ്റവും നല്ല ആശുപത്രികളില്‍ 25,000പൗണ്ടിന്റെ വന്ധ്യതാ ചികിത്സയാണ് ലഭിക്കുക. ചുരുക്കിപറഞ്ഞാല്‍ ഓരോ മാസവും ഒരു ദമ്പതികള്‍ക്ക് കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യം ഈ ലോട്ടറി ഉണ്ടാക്കി നല്‍കും.
ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച ഈ ഗെയിം ജൂലൈ 30മുതല്‍ നിലവില്‍ വരും. ലോട്ടറിയില്‍ പങ്കെടുക്കാന്‍ യാതൊരു നിബന്ധകളും ഏര്‍പ്പെടുത്തിയിട്ടില്ല.
മാസത്തില്‍ നറുക്കെടുപ്പ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞാല്‍ ഇത് രണ്ട് ആഴ്ചകൂടുമ്പോഴാക്കാനാണ് തീരുമാനം. വിജയികള്‍ക്ക് ചികിത്സിക്കായി ദൂരയ്ക്ക് പോകേണ്ടിവരികയാണെങ്കില്‍ താമസസൗകര്യവും സമ്മാനമായി ലഭിക്കും. ഇതിനു പുറമേ ചികിത്സിക്കുന്ന ഡോക്ടറുമായി നിരന്തം ബന്ധപ്പെടാന്‍ ദമ്പതികള്‍ക്ക് ഒരു മൊബൈല്‍ ഫോണും നല്‍കും.
ചികിത്സകള്‍ ഫലിക്കാതെ വരികയാണെങ്കില്‍ അണ്ഡദാനം, റീപ്രൊഡക്ടീവ് സര്‍ജറി, വാടകഗര്‍ഭധാരണം തുടങ്ങിയ ചികിത്സകള്‍ക്കുള്ള ചിലവും ലോട്ടറി ഉടമകള്‍ വഹിക്കും. ഇതിനായി വിജയിയെ ആദ്യം ക്ലിനിക്കിലെ ഡോക്ടറെ കാണിക്കുകയും ഗര്‍ഭിണിയാകാനുള്ള സാധ്യത ആരായുകയും ചെയ്യും. സ്ത്രീ യു.കെയിലെ എന്‍.എച്ച്.എസ് ഫേര്‍ട്ടിലിറ്റി ലിമിറ്റായ 45വയസിന് മുകളിലാണെങ്കില്‍ അവരോട് അണ്ഡം ദാനം ചെയ്യാന്‍ നിര്‍ദേശിക്കും. തനിച്ച് ജീവിക്കുന്ന സ്ത്രീയോ, പുരുഷനോ ആണ് വിജയിക്കുന്നതെങ്കില്‍ അവര്‍ക്ക് ശുക്ലം സ്വീകരണത്തിലൂടെയോ, വാടകഗര്‍ഭധാരണത്തിലൂടെയോ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കും.
കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും, ഗര്‍ഭധാരണം സാധിക്കാത്തതില്‍ വിഷമിക്കാത്തവര്‍ക്കും സഹായം നല്‍കുന്ന ചാരിറ്റിയായ ടു ഹാച്ചിനാണ് ഈ ലോട്ടറിയില്‍ നിന്നുള്ള ലാഭം ലഭിക്കുക.
എന്നാല്‍ ഇതിനെതിരെ ചില മത സാംസ്‌കാരിക സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യന്റെ വിലയേറിയ ജീവിതത്തെ വില്‍പ്പനയ്ക്ക് വയ്ക്കുന്നതായാണ് ഇവര്‍ ഇതിനെ കാണുന്നത്. മനുഷ്യന്റെ പ്രത്യുല്‍പാദനത്തിന്റെ മുഴുവന്‍ സ്വഭാവത്തെയും ഇത് മാറ്റിമറിയ്ക്കുന്നെന്ന് റീപ്രൊഡക്ടീവ് എത്തിക്‌സിന്റെ വക്താവ് ജോസഫൈന്‍ ക്വിന്റവല്ലെ പറയുന്നു.
എന്നാല്‍ ടു ഹാച്ചിന്റെ ഈ ലോട്ടറി എന്‍.എച്ച്.എസിന് ആശ്വാസവും, കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ഉപകാരപ്രദവുമാണെന്നാണ് ടു ഹാച്ചിന്റെ സ്ഥാപകന്‍ കാമില്ലി സ്ട്രാച്ചന്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല