ഒരു ഒച്ചിനെ രക്ഷപ്പെടുത്തുക എന്നത് ഫയര്‍ഫോഴ്‌സിന്റെ പണിയാണോ? എങ്കില്‍ ആ ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഫയര്‍ഫോഴ്‌സ്.
അബെറിസ്റ്റ്‌വിത്തിലാണ് ഈ സംഭവം നടന്നത്. ഏറെ അസ്വസ്ഥയായി കാണപ്പെട്ട ഒരു മുതിര്‍ന്നസ്ത്രീ അബെറിസ്റ്റ്‌വിത്തിലെ ഫയര്‍സ്റ്റേഷനിലെത്തി തന്റെ വീടിന്റെ ചുമരിന് മുകളിലുള്ള ഒച്ച് തനിക്ക് അസ്വസ്ഥതയുണ്ടാക്കുകന്നു എന്ന് പരാതി നല്‍കുകയായിരുന്നു.
തങ്ങള്‍ സാധാരണമായി അഗ്നിബാധ തടയുകയാണ് ചെയ്യാറുള്ളതെന്ന് പടിഞ്ഞാറന്‍ വെയില്‍സിലെ ഫയര്‍സര്‍വീസിന്റെ വക്താവ് പറയുന്നു. ‘ എന്നാല്‍ പരാതി നല്‍കിയ സ്ത്രീയുടെ അവസ്ഥയും, സുരക്ഷയുമാണ് ഞങ്ങളുടെ മുന്നിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് 400വാര അകലെയുള്ള അവരുടെ വീട്ടിലേക്ക് ഓഫീസര്‍മാരെ അയക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തീരുമാനിച്ചു. ഞങ്ങള്‍ പോയസമയത്ത് ഒരു ഓഫീസര്‍ സ്ത്രീയെ ആശ്വസിപ്പിക്കുകയും അവര്‍ സുരക്ഷിതയാണെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീയുടെ വീട്ടിലെത്തിയ സംഘം ഏകദേശം 8 അടി ഉയരത്തിലുള്ള ചുമരില്‍ നിന്നും ഒരു സാധാരണ ഒച്ചിനെ പുറത്തെടുത്തു.
ഇതാദ്യമായല്ല ഫയര്‍ഫോഴ്‌സ് ഇത്തരം ഒരു ഓപ്പറേഷന്‍ നടത്തുന്നത്. കഴിഞ്ഞ മുന്ന് വര്‍ഷത്തിനുള്ളില്‍ 17,000 മൃഗങ്ങളെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയതെന്നാണ് വിവരസ്വാതന്ത്ര്യ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനുവേണ്ടി ചിലവാക്കിയതാകട്ടെ 3.5 മില്യണ്‍ പൗണ്ടും.
സോമര്‍സെറ്റിലെ വെസ്റ്റണ്‍ സൂപ്പര്‍ മെയറിലെ ഒരു മരത്തില്‍ മൂന്നു ദിവസമായി കുടുങ്ങിക്കിടന്ന തിന്‍കര്‍ബെല്‍ എന്ന പൂച്ചയെ രക്ഷപ്പെടുത്തിയത് ഒമ്പതംഗ ഫയര്‍ഫോഴ്‌സ് ടീമാണ്. 2,400 പൂച്ചകള്‍, 2,180 പട്ടികള്‍, 1,700 കുതിരകള്‍ എന്നിവയെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ 1,244 സീഗളും, 159 പ്രാവുകളും, 57 അരയന്നകളും, 12 തത്തകളും ഉള്‍പ്പെടെ 2,090 പക്ഷികളെയും ഫയര്‍ഫോഴ്‌സ് രക്ഷിച്ചിട്ടുണ്ട്. 26 കുറക്കന്‍മാര്‍, 19 അണ്ണാറക്കണ്ണന്‍മാര്‍, ഏഴ് വെള്ളക്കീരികള്‍, പത്ത് എലികള്‍, ഏഴ് കരടി, 15 പാമ്പുകള്‍, 11, മത്സ്യങ്ങള്‍, ഏഴ് ഡോള്‍ഫിന്‍ എന്നിവയും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ രക്ഷപ്പെട്ടവരാണ്.
നോര്‍ത്തേണ്‍ അയര്‍ലന്റ് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് മൃഗങ്ങളെ രക്ഷപ്പെടുത്താന്‍ മാത്രം ചിലവാക്കിയത് 813,485പൗണ്ടാണ്. ഇംഗ്ലണ്ടില്‍ ഇതിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത് ദേവണ്‍ ആന്റ് സോമര്‍സെറ്റ് ഫയര്‍ സര്‍വീസാണ്. ഏകദേശം 561,912പൗണ്ടാണ് ഇതിനുവേണ്ടി ഇവര്‍ ചിലവാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല