ചെന്നൈ: ചലച്ചിത്ര നടന്‍ പ്രഭുദേവയും ഭാര്യ റംലത്തും വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതായി ഇരുവരും ചേര്‍ന്ന് ചെന്നൈ പ്രിന്‍സിപ്പല്‍ കുടുംബ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുടുംബകോടതിയിലെത്തിയാണ് ഇരുവരും ജഡ്ജി ലോകനാഥനെ ഇക്കാര്യം അറിയിച്ചത്.
പ്രഭുദേവ ചലച്ചിത്രനടി നയന്‍താരയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് ഇവരുടെ ബന്ധം ഉലയാന്‍ തുടങ്ങിയത്. ഇവരുടെ വിവാഹത്തെ എതിര്‍ത്ത് റംലത്ത് എന്ന ലത കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പ്രഭുദേവയ്ക്കും നയന്‍താരയ്ക്കും മൂന്നുതവണ സമന്‍സ് അയച്ചിരുന്നെങ്കിലും രണ്ടുപേരും ഹാജരായില്ല. അതിനിടെയാണ് ഇരുവരും ഉഭയസമ്മത പ്രകാരം പിരിയാനുള്ള തീരുമാനം അറിയിച്ചത്.
പ്രഭുദേവയുടെ പേരില്‍ ചെന്നൈ അണ്ണാനഗര്‍, ഇഞ്ചപാക്കം എന്നിവിടങ്ങളിലും ഹൈദരബാദിലുമുള്ള മൂന്ന് വീടുകളും റംലത്തിന്റെ രണ്ടു കുട്ടികള്‍ക്കും എഴുതിക്കൊടുക്കും. വീടുകള്‍ക്കുപുറമെ രണ്ടു തവണയായി അഞ്ചുലക്ഷംരൂപ വീതവും രണ്ട് ആഡംബര കാറുകളും ഇവര്‍ക്ക് നല്കും. അഞ്ച് ലക്ഷംരൂപ ഫിബ്രവരിയിലും പിന്നീട് ആറുമാസം കഴിഞ്ഞ് വീണ്ടും അഞ്ചുലക്ഷം രൂപയും നല്കും. രണ്ട് ആണ്‍കുട്ടികള്‍ക്കും ഇപ്പോള്‍ യഥാക്രമം 17, 12 വയസ്സാണ്. ഇവര്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ പ്രഭുദേവയും റംലത്തും രക്ഷിതാക്കളായി തുടരും.
1995ലാണ് ഇരുവരും വിവാഹിതരായത്. രണ്ടുവര്‍ഷമായി രണ്ടുപേരും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും പ്രഭുദേവ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജി വിധിപ്രസ്താവിക്കാനായി ആറുമാസത്തേക്ക് മാറ്റിവെച്ചതായി ജഡ്ജി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല