ഓവല്‍: ഒരു കയറ്റത്തിന് ഒരു ഇറക്കവുമുണ്ടെന്ന് പറയുന്നത് എത്ര ശരിയാണ്. എന്നാലും ഇന്ത്യ ഇത്ര പെട്ടെന്ന് ഇത്ര ദയനീയമായി ടെസ്റ്റ് പരമ്പരയും ലോകക്രക്കറ്റിലെ ഒന്നാം സ്ഥാനവും കൈവെള്ളയില്‍ വച്ച് തരുമെന്ന് എതിരാളികളായ ഇംഗണ്ട് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഇംഗണ്ടിനെതിരായ അവസാന ടെസ്റ്റും ഒരിന്നിംഗ്‌സിനും എട്ട് റണ്‍സിനും എതിരാളികള്‍ക്ക് മുന്നില്‍ അടിയറ വച്ച ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റ് വാങ്ങിയതോടൊപ്പം റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
591 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിന് മുന്നില്‍ ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിംഗ് തുടങ്ങിയ ഇന്ത്യ 283 റണ്‍സിന് പുറത്തായി. 38 ഓവറില്‍ 106 റണ്‍സ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ ഗ്രെയിം സ്വാനാണ് ഇന്ത്യയെ തകര്‍ത്തത്.
ഇംഗ്ലണ്ടിനായി ഡബിള്‍ സെഞ്ചുറി നേടിയ ഇയാന്‍ ബെല്ലാണ് കളിയിലെ കേമന്‍. പരമ്പരയിലുടനീളം ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച രാഹുല്‍ ദ്രാവിഡും ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് പരമ്പരയുടെ താരങ്ങള്‍. സ്‌കോര്‍: ഇംഗ്ലണ്ട്: 591/6 ഡിക്ലയേര്‍ഡ്. ഇന്ത്യ: 300, 283.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയില്‍ അവസാനദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 162 റണ്‍സ് കൂടി വേണമായിരുന്നു. നൈറ്റ് വാച്ച്മാനായെത്തി അര്‍ദ്ധസെഞ്ചുറി നേടിയ അമിത് മിശ്രയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 84 റണ്‍സെടുത്ത മിശ്രയുടെ വിക്കറ്റ് സ്വാന്‍ തെറിപ്പിക്കുകയായിരുന്നു.
തലേ ദിവസം നിറുത്തിയെടത്ത് നിന്ന് തുടങ്ങിയ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിലായിരുന്നു പിന്നീടുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ മുഴുവന്‍. എന്നാല്‍ ടെസ്റ്റിലെ സമനിലയും തന്റെ നൂറാം സെഞ്ചുറിയും സ്വപ്‌നമായി നിലനിര്‍ത്തി സച്ചിന്‍ 91 റണ്‍സിന് പുറത്തായതോടെ ഇന്ത്യ അപ്പാടെ തകര്‍ന്നടിഞ്ഞു. ബ്രെസ്‌നന്‍ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് സച്ചിന്‍ പുറത്തായത്.
പിന്നീട് വന്ന റെയ്‌ന, ധോണി, ആര്‍.പി.സിങ്, ഗാംഭീര്‍, ശ്രീശാന്ത് എന്നിവര്‍ ഇന്നിങ്‌സ് തോല്‍വി പോലും ഒഴിവാക്കാന്‍ ശ്രമിക്കാതെ കീഴടങ്ങിയതോടെ പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയമെന്ന നാണക്കേട് ഇന്ത്യ സന്തോഷപൂര്‍വ്വം ഏറ്റ് വാങ്ങി. വെറും 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനുടയിലാണ് ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റുകള്‍ നിലം പൊത്തിയത്.
പത്തുവര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒരു പരമ്പരയിലെ എല്ലാ ടെസ്റ്റുകളും തോല്‍ക്കുന്നത്. പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഇന്നിംഗ് തോല്‍വിയാണിത്. മൂന്നില്‍ കൂടുതല്‍ ടെസ്റ്റുകളുടെ പരമ്പരയില്‍ ഏഴാം തവണയാണ് ഇന്ത്യ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റ്് വാങ്ങുന്നത്.
തോല്‍വിയോടെ ടെസ്റ്റ് റാങ്കിങ്ങിലെ രണ്ടാംസ്ഥാനവും ഇന്ത്യക്ക് നഷ്ടമായി. നേരത്തെ ഒന്നാം റാങ്ക് ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവെച്ച ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല