സത്യമാണ് അല്ലാതെ പരസ്യവാചകമൊന്നുമല്ല. ആരോഗ്യവും ആത്മവിശ്വാസവും പോലെ ആരും കൊതിക്കുന്ന ഗുണമാണ് സൗന്ദര്യം. ഇന്നും എന്നും അത് അങ്ങിനെ തന്നെയാണ്. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്ന് പറയുമെങ്കിലും ചര്‍മം അതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്ന പരസ്യവാചകത്തില്‍ സൗന്ദര്യപ്രേമികള്‍ വീഴുന്നതും അതുകൊണ്ടാണ്. നിങ്ങളുടെ ചര്‍മം എങ്ങിനെയുമാകട്ടെ, അത് വെറും ഒമ്പത് ദിനങ്ങള്‍ കൊണ്ട് നമുക്ക് സുന്ദരമാക്കാം, ചെറുപ്പമാക്കാം. മനസ്സും ശരീരവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒമ്പത് ദിന സൗന്ദര്യ പദ്ധതി ഇതാ…
ഒന്നാം ദിവസം
ചര്‍മം സുന്ദരമാക്കാനുള്ള ഈ 9 ദിന പദ്ധതിയുടെ ഭാഗമായി ആദ്യ ദിനം ലളിത സൗന്ദര്യച്ചിട്ടകള്‍ പ് ളാന്‍ ചെയ്യാം. ഗ്ളാമറാവാന്‍ അതുമിതും വാരിത്തേക്കുന്ന പതിവ് ഇനി ആവര്‍ത്തിക്കില്ല എന്ന ദൃഢനിശ്ചയമാണ് അതില്‍ ആദ്യം എടുക്കേണ്ടത്. കാരണം ചര്‍മം നശിപ്പിക്കുന്നത് പലപ്പോഴും അമിത പരിചരണമാണ്. പകരം ലളിത ചിട്ടകള്‍ മതി. അവ ഇങ്ങിനെയാവാം. രാവിലെ തണുത്തവെള്ളത്തില്‍ മുഖം നന്നായി കഴുകി മോയിസ്ചറൈസര്‍ തേക്കാം. പിന്നീട് മെയ്ക്കപ്പ് ഇടുന്നുണ്ടെങ്കില്‍ അത് കഴുകിക്കളയാന്‍ മറക്കരുത്. രാത്രിയും ഇതാവര്‍ത്തിക്കണം. മുഖം നന്നായി കഴുകി മേക്കപ്പും അഴുക്കുമൊക്കെ നീക്കണം. എന്നിട്ട് കിടക്കും മുമ്പ് രാത്രിസമയം മോയിസ്ചറൈസര്‍ തേക്കാം. ഇനി ഉന്മേഷം തിരികെ കിട്ടുന്നത് വരെ ഉറങ്ങിക്കോളൂ..
രണ്ടാം ദിവസം
അനാവശ്യ പിരിമുറുക്കം ചര്‍മം നശിപ്പിക്കും. ചര്‍മ സൗന്ദര്യം നിലനിര്‍ത്താന്‍ ടെന്‍ഷന്‍ കുറയ്ക്കാനുള്ള വഴികള്‍ പതിവാക്കണം. ഗാഢമായി ശ്വസിക്കുക, സൗഹൃദ സംഭാഷണങ്ങള്‍ നടത്തുക, മസാജ് ചെയ്യുക, സെക്‌സിലേര്‍പ്പെടുക തുടങ്ങിയവ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ഒന്നാം ദിനത്തെ ചിട്ടകളും ആവര്‍ത്തിക്കുക.
മൂന്നാം ദിവസം
പ്രകൃതിയും പച്ചപ്പും എത്ര സുന്ദരമാണല്ലേ. ചര്‍മ്മം തിളങ്ങാന്‍ പച്ചയെ വരിക്കാം. ഫ്ലേവനോയിഡുകളാല്‍ സമൃദ്ധമായ ഗ്രീന്‍ ടീ പതിവാക്കാം. രാവിലെയും വൈകിട്ടും. അത് ചൂടോടെയായാലും തണുപ്പിച്ചായാലും കുഴപ്പമില്ല. ഇനി ദിനവും 20 മിനുട്ടെങ്കിലും പ്രകൃതിയോടൊത്ത് ശുദ്ധമായ അന്തരീക്ഷത്തില്‍ ചെലവഴിക്കാമെന്നും തീരുമാനിക്കുക. സ്വച്ഛമായ പ്രകൃതിയിലൂടെ നടന്നാല്‍ ടെന്‍ഷനും കുറയും. വേണമെങ്കില്‍ ക് ളിയോപാട്രയെപ്പോലെ 2-4 കപ്പ് പാല്‍ ഇളം ചൂടുവെള്ളത്തില്‍ ഒഴിച്ച് ഒരു പാല്‍ക്കുളിയുമാകാം
നാലാം ദിവസം
ഫാസ്റ്റ്ഫുഡ്, പൊരിച്ചത്, കൃത്രിമ ഭക്ഷണം ഇവയൊക്കെ ചര്‍മത്തിന്റെ ശത്രുക്കളാണ്. കഴിയുന്നത്ര അവ മെനുവില്‍ നിന്ന് ഒഴിവാക്കുക. അവയോട് അമിതമായ കൊതി തോന്നുമ്പോള്‍ പച്ചവെള്ളമോ പഴച്ചാറോ കുടിക്കുക. ഒപ്പം ഓറഞ്ച്, തക്കാളി, ഇലക്കറികള്‍, ചെറുമല്‍സ്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ പതിവാക്കാനും ശ്രദ്ധിക്കുക.
അഞ്ചാം ദിവസം
ദിനവും കുറഞ്ഞത് അരമണിക്കൂര്‍ വിയര്‍ക്കുന്ന വിധം വ്യായാമം ചെയ്യുക. ജോഗിങ്ങോ സൈക്ലിങ്ങോ നീന്തലോ ഏതുമാകാം. വേണമെങ്കില്‍ ജിമ്മിലും പോകാം. വ്യായാമം ആസ്വദിച്ച് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. വ്യായാമം ചര്‍മ്മ സൗന്ദര്യം കൂട്ടുക മാത്രമല്ല, രോഗങ്ങളും അകറ്റും. നല്ല ഉറക്കവും ലഭിക്കും. നാലാം ദിനം വരെ പറഞ്ഞതൊക്കെ ദിനവും ആവര്‍ത്തിക്കാന്‍ മറക്കണ്ട.
ആറാം ദിവസം
സുഹൃത്തുക്കളോ വീട്ടുകാരോ പോലുള്ള ഇഷ്ടക്കാരുമൊത്തുള്ള ഉത്കൃഷ്ട വേളകള്‍ വര്‍ധിപ്പിക്കാം. അവരോടൊത്ത് സമയം ചെലവഴിക്കാം, സന്തോഷം പങ്കിടാം. വേണമെങ്കില്‍ ഒരുമിച്ച് ഭക്ഷണവുമാകാം. ഇത്തരം ഉല്ലാസവേളകള്‍ ചിരിയും ചിന്തയും പ്രചോദനവുമേകും. അത് വഴി അകത്തും പുറത്തും സൗന്ദര്യവും
ഏഴാം ദിവസം
സ്വന്തം കഴിവുകളിലേക്ക് നോക്കുക, കഴിവുകളില്‍ ആനന്ദിക്കുക. എല്ലാത്തിനോടും പോസിറ്റീവായി ഇടപെടുകയും ചെയ്യുക. നല്ല കാര്യങ്ങള്‍ക്ക് സ്വന്തത്തോടും മറ്റുള്ളവരോടും നന്ദിയുള്ളവനാകുക. പലര്‍ക്കും മടിയാണ് സ്വയം അഭിനന്ദിക്കാന്‍. ചിന്ത പോസിറ്റാവാകുമ്പോള്‍ അകം സുന്ദരമാകും. അതിന്റെ പ്രസരിപ്പ് ചര്‍മത്തിലും പ്രകടമാകും. കഴിയുമെങ്കില്‍ അല്‍പ നേരം ദിനവും ധ്യാനിക്കുകയുമാകാം.
എട്ടാം ദിവസം
ആഗ്രഹിക്കുന്നത്ര ഉറങ്ങുക, ഗാഢമായി. രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്ന പ്രകൃതമാണെങ്കില്‍ ചെറു ഉച്ചമയക്കം ആവാം. രാവിലെ ഉറങ്ങിയെഴുന്നേറ്റ ശേഷം എട്ടുമണിക്കൂര്‍ കഴിഞ്ഞുള്ള സമയമാണ് ചെറുമയക്കത്തിന് ഏറ്റവും അനുയോജ്യം. ഷൂ അഴിച്ച് കസേരയില്‍ ചാരിക്കിടന്നോ കിടക്കയില്‍ കിടന്നോ ആവാം ചെറുമയക്കം. സൂര്യ പ്രകാശം നേരിട്ട് തട്ടേണ്ട. 30 മിനുറ്റ് വരെ മതി ഈ ഉറക്കം. വൈകിട്ട് മൂന്നിന് ശേഷം പക്ഷേ ചെറുമയക്കം പാടില്ല.
ഒമ്പതാം ദിവസം
ഇതാ അവസാന ദിനമെത്തി. സൗന്ദര്യ പദ്ധതി ആരംഭിച്ച ശേഷമുള്ള 9 ദിനവും എങ്ങിനെയായിരുന്നുവെന്ന് ഈ ദിവസം ചിന്തിക്കാം. വിലയിരുത്താം. കഴിഞ്ഞയാഴ്ചത്തേക്കാള്‍ മെച്ചമല്ലേ ഈയാഴ്ച. ശാരീരികമായും വൈകാരികമായും. ഉറക്കം കിട്ടി, സുഹൃത്തുക്കളോടൊത്ത് കൂടുതല്‍ സമയം ചെലവഴിച്ചു, ലൈംഗികത ആസ്വദിച്ചു, ധ്യാനിച്ചു, അങ്ങിനെയങ്ങിനെ..ഇക്കൂട്ടത്തില്‍ നിങ്ങളുടെ ടെന്‍ഷന്‍ അകറ്റാന്‍ ഏറ്റവുമധികം സഹായിച്ചതെന്താണേ അത് ഈ അവസാന ദിനം രണ്ട് തവണ ചെയ്യുക
മനസ്സും ശരീരവും സമന്വയിപ്പിച്ചുകൊണ്ടുള്ള 9 ദിന സൗന്ദര്യ പദ്ധതി നിങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ചര്‍മ്മസൗന്ദര്യം മാത്രമല്ല, ഇപ്പോള്‍ ഉന്മേഷവും സൗന്ദര്യവും തോന്നുന്നില്ലേ, ആരോഗ്യം വീണ്ടെടുത്തത് പോലെയും. ഈ ചിട്ടകള്‍ തുടര്‍ന്നുള്ള ജീവിതത്തിലും തുടരുക. ആരും കൊതിക്കുന്ന അഴക് നിങ്ങള്‍ക്കും സ്വന്തമാകും, തീര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല