സംഗീത് ശേഖര്‍
2005 നവംബര്‍ 20 ന്ു ബ്രിട്ടീഷ് ടാബ്ലോയ്ഡായ ‘ന്യൂസ് ഓഫ് ദ വേള്‍ഡി’ല്‍ഒരു ചിത്രമുണ്ടായിരുന്നു. ‘ ഒരിക്കലും എന്നെ പോലെ മരിക്കരുത്’ എന്ന അടിക്കുറിപ്പോടെ. അത് ലോക ഫുട്ബാളിലെ എക്കാലത്തേയും മികച്ചവന്‍ എന്ന് വിലയിരുത്തപ്പെട്ട ഒരു കളിക്കാരന്റെ ചിത്രമായിരുന്നു. അയര്‍ലണ്ടുകാരനായ ജോര്‍ജ്ജ് ബെസ്റ്റായിരുന്നു ആ കളിക്കാരന്‍. ഫുട്‌ബോളിലെ ദൈവം പെലെയേക്കാള്‍ മികച്ചവന്‍ എന്ന് ലോകം വിലയിരുത്തിയ ആ കളിക്കാരനെ പീന്നീട് ദൈവം കനിഞ്ഞു നല്‍കിയ വരദാനം ധൂര്‍ത്തടിച്ചു കളഞ്ഞ ഒരു തെമ്മാടിയായി ലോകം വിലയിരുത്തി.
ഒരു ഫുട്‌ബോളര്‍ എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു ബെസ്റ്റ്. മദ്യവും മദിരാക്ഷിയും കൊണ്ട് അയാള്‍ തന്റെ ജീവിതത്തെ ആഘോഷമാക്കി. മയക്കുമരുന്നിന്റെ ലഹരിയില്‍ ജീവിതം ഹോമിച്ചുതീര്‍ത്തപ്പോഴും ബെസ്റ്റിന്റെ മരണ ദിവസം ബെല്‍ ഫാസ്റ്റ് നഗരം മുഴുവന്‍ കണ്ണീര്‍ വാര്‍ത്തു. ആ ധൂര്‍ത്ത പുത്രനെ അവര്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നു. ബെസ്റ്റിനെ അവസാനമായി ഒരു നോക്ക് കാണാന്‍ അയര്‍ലണ്ടുകാര്‍ എല്ലാം മറന്നു ബെല്ഫാസ്റ്റിലേക്കൊഴുകി. കോരിച്ചൊരിയുന്ന മഴയത്ത് അതിനേക്കാള്‍ ശക്തമായി അവര്‍ കരഞ്ഞു. ഒരു കാലത്ത് ലോകത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലിട്ട് അമ്മാനമാടിയ ആ കാല്‍പന്ത്കളിക്കാരനെ ഒരു നോക്ക് കാണാന്‍ എല്ലാ അഭിപ്രായ ഭിന്നതകളും മറന്ന് അവര്‍ കാത്ത് നിന്നു.
മരണക്കിടക്കയിലാണ് തന്റെ തെറ്റുകള്‍ ബെസ്റ്റ് തിരിച്ചറിയുന്നത്. അയാളുടെ അവസാനത്തെ ആഗ്രഹമായിരുന്നു തന്റെ മരണം മറ്റുള്ളവര്‍ക്ക് ഒരു സന്ദേശമാകണം എന്നത്. ബെസ്റ്റിന്റെ ആവശ്യപ്രകാരമാണു ‘ന്യുസ് ഓഫ് ദ വേള്‍ഡ’ ആ ചിത്രവും അടിക്കുറിപ്പും കൊടുത്തത്. ബെസ്റ്റിന്റെ മരണശേഷം ബെല്‍ഫാസ്റ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ, ജോര്‍ജ് ബെസ്റ്റ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് എന്നു നാമകരണം ചെയ്ത് അയര്‍ലണ്ട് അവരുടെ പ്രിയപ്പെട്ട പുത്രനെ ആദരിച്ചു.
1963ലാണ് ബെസ്റ്റ് ബെസ്റ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേരുന്നത്. അന്ന് ബെസ്റ്റിന് വയസ്സ് വെറും പതിനേഴ്. 11 കൊല്ലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി കളിച്ച ബസ്റ്റ് ഇതിഹാസങ്ങളുടെ നിരയിലേക്കുയര്‍ന്നു. കളിക്കളത്തില്‍ ഒരു മിന്നല്‍ പിണരായി പാഞ്ഞുപോകുന്ന ബെസ്റ്റ് എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു. അസാധാരണമായ ഡ്രിബിളിംഗ് പാടവം, ഇരു കാലുകള്‍ കൊണ്ടും ഒരേ പോലെ ഷൂട്ട് ചെയ്യാനുള്ള കഴിവ്, പിന്നെ അപാരമായ ഉള്‍ കാഴ്ച്ച… അതായിരുന്നു ബസ്റ്റ്. എതിരാളികളുടെ പ്രതിരോധ കോട്ടകളെ കീറിമുറിച്ചുകൊണ്ട് പന്തുമായി പായുന്നത് അയാള്‍ക്കൊരു ഹരമായിരുന്നു. ഒരു ജീനിയസിന്റെ കൈയ്യൊപ്പ് പതിഞ്ഞവയായിരുന്നു അയാളുകളുടെ ഗോളുകള്‍ എല്ലാം തന്നെ.
അസാധാരണമായ ഡ്രിബിളിംഗ് പാടവം, ഇരു കാലുകള്‍ കൊണ്ടും ഒരേ പോലെ ഷൂട്ട് ചെയ്യാനുള്ള കഴിവ്, പിന്നെ അപാരമായ ഉള്‍ കാഴ്ച്ച… അതായിരുന്നു ബസ്റ്റ്.
ആ കളിയുടെ അഴക് കണ്ടറിഞ്ഞവര്‍ അയാളെ ‘എല്‍ ബീറ്റില്‍’ (അഞ്ചാം ബീറ്റില്‍)) എന്നു വിളിച്ചു. മാഞ്ചസ്റ്ററില്‍ കളിച്ച ആദ്യത്തെ 6 കൊല്ലം അയാളുടെ സുവര്‍ണകാലമായിരുന്നു. ആ ആറേ ആറു കൊല്ലമാണു ജോര്‍ജ് ബെസ്റ്റിലെ ജീനിയസിനെ ലോകം കണ്ടത്. അതിനു ശേഷം അയാള്‍ സ്വയം നാശത്തിന്റെ അന്ധകാരത്തിലേക്ക് വഴുതി വീണു. 23-ാം വയസ്സില്‍ മദ്യത്തിന് അടിമപ്പെട്ടുകൊണ്ടാണ് ബെസ്റ്റ് നാശത്തിന്റെ വഴിയിലേക്ക് സ്വയം നടന്നു തുടങ്ങിയത്. ചെറുപ്രായത്തിലേ കൈവന്ന പണവും പ്രശസ്തിയും അയാളെ വഴി തെറ്റിച്ചു. കളിക്കളത്തിനു പുറത്ത് ബെസ്റ്റ് ഒരു വ്യത്യസ്തനായ മനുഷ്യനായിരുന്നു. മദ്യത്തിന് അടിമയായ ബെസ്റ്റിന്റെ മറ്റൊരു ദൗര്‍ബല്യം സ്ത്രീകളായിരുന്നു. തന്റെ സമ്പാദ്യം മുഴുവന്‍ അയാള്‍ ഈ രണ്ട് കാര്യങ്ങള്‍ക്കുമായി ധൂര്‍ത്തടിച്ചു.
നൈറ്റ് ക്ലബ്ബുകളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ബെസ്റ്റ്. അമിതമായ മദ്യപാനം അയാളുടെ പ്രതിഭയെ തളര്‍ത്തി. ടീമിന്റെ ട്രെയിനിംഗ് സെഷനുകളില്‍ പങ്കെടുക്കാതെ ബെസ്റ്റ് അലസത കാണിച്ചു തുടങ്ങി .27 -ാം വയസ്സില്‍ തന്റെ കഴിവുകളുടെ ഔന്നത്യത്തില്‍ എത്തേണ്ട സമയത്ത് ബെസ്റ്റ് മാഞ്ചസ്റ്ററിനോട് വിട പറഞ്ഞു. തന്റെ കുത്തഴിഞ്ഞ ജീവിതരീതിയില്‍ ബെസ്റ്റ് ഒരു തെറ്റും കാണാന്‍ തയ്യാറായിരുന്നില്ല എന്നതായിരുന്നു വേദനാജനകം. തന്നിലെ പ്രതിഭയെ ഒരിക്കലെങ്കിലും തിരിച്ചറിയാന്‍ ബെസ്റ്റ് തയ്യാറായില്ല എന്നതായിരുന്നു അയാളുടെ പ്രശ്‌നം. ചിലപ്പോഴെങ്കിലും തന്റെ കുത്തഴിഞ്ഞ ജീവിതത്തെ ന്യായീകരിക്കാനും അയാള്‍ തുനിഞ്ഞു. ‘ഞാന്‍ ജനിച്ചു വീണത് അപൂര്‍വമായ ഒരു കഴിവുമായിട്ടായിരുന്നു. ചിലപ്പോഴൊക്കെ ആ കഴിവ് വരുന്നത് സ്വയം നശിക്കാനുള്ള ശാപവും പേറികൊണ്ടായിരിക്കും’- എന്നയാള്‍ ന്യായീകരണങ്ങള്‍ കണ്ടെത്തി.
ബെസ്റ്റിനെപോലെ ഒരു മിഡ്ഫീല്‍ഡര്‍ അന്നും ഇന്നും ഉണ്ടായിട്ടില്ല.അയാള്‍ ഒരു സ്വപ്നമായിരുന്നു. ആരും അതേവരെ കണ്ടിട്ടില്ലായിരുന്ന സ്വപ്നം .ഒരു യവന ദേവനെപോലെ ബെസ്റ്റ് ഭൂമിയിലേക്കിറങ്ങി വന്നു. പച്ചപ്പുല്‍ മൈതാനങ്ങളില്‍ അയാള്‍ ഒരു മിന്നല്‍ പിണരായി. എന്നാല്‍ പുറത്ത് അയാള്‍ ലഹരിയില്‍ വേച്ച് വീഴുന്ന ഒരു വെറും മദ്യപാനി മാത്രമായിരുന്നു. സ്വന്തം സൗന്ദര്യവും ബെസ്റ്റിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. സുന്ദരികളായ പെണ്‍കുട്ടികള്‍ അയാളിലേക്ക് ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരുന്നു. ജോര്‍ജ് ബെസ്റ്റ് ഒരിക്കല്‍ പറഞ്ഞു- ‘ഞാന്‍ വിരൂപനായിട്ടാണു ജനിച്ചിരുന്നതെങ്കില്‍ നിങ്ങള്‍ ഒരിക്കലും പെലെയെ പറ്റി കേള്‍ക്കില്ലായിരുന്നു’. അമേരിക്കയില്‍ കളിക്കുന്ന മയത്ത് ബെസ്റ്റ് താമസിച്ചിരുന്ന വീടിന്റെ അടുത്ത് മനോഹരമായ ഒരു ബീച്ച് ഉണ്ടായിരുന്നു. എത്ര ആഗ്രഹിച്ചിട്ടും ഒരിക്കല്‍ പോലും ആ ബീച്ചിലെത്താന്‍ അയാള്‍ക്കായില്ല, ാരണം അയാള്‍ക്ക് ഒരു ബാര്‍ കടന്നു വേണമായിരുന്നു ആ ബീച്ചിലെത്താന്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഹോട്ടല്‍ മുറി . ജോര്‍ജ്ജ് ബെസ്റ്റിന്റെ റൂമില്‍ കടന്നു ചെന്ന ഒരു വെയിറ്റര്‍ കാണുന്നത് ബെഡ്ഡിലാകെ ചിതറിക്കിടക്കുന്ന നോട്ടുകെട്ടുകളായിരുന്നു, കൂടെ അന്നത്തെ മിസ്സ് യൂണിവേഴ്‌സും. നിസ്സാരനായ ആ വെയിറ്റര്‍ തന്റെ മുന്നില്‍ നില്ക്കുന്ന ഫുട്‌ബോള്‍ ഇതിഹാസത്തോട് ചോദിച്ചത് ഇത്ര മാത്രം .’എവിടെയാണു നിങ്ങള്‍ക്ക് പിഴച്ചത് ജോര്‍ജ്?’ അയാളെ തള്ളിപ്പുറത്താക്കി വാതിലടക്കുമ്പോഴും ജോര്‍ജ് ആ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയില്ല. എനിക്കു എന്നില്‍ കാണാന്‍ കഴിയാത്ത എന്തോ ഒന്നു അയാള്‍ കണ്ടു എന്നു മാത്രമാണു ബെസ്റ്റ് പിന്നീട് അതിനെപറ്റി പറഞ്ഞത്. മരണക്കിടക്കയില്‍ ബെസ്റ്റ് തന്നെ കാണനെത്തിയവരോട് ഇങ്ങനെ പറഞ്ഞു-‘ജോര്‍ജ് ബെസ്റ്റ് ഒരിക്കലും ആര്‍ ക്കും മാത്യകയാകരുത്. ഒരു മനുഷ്യന്‍ എങ്ങനെ ജീവിക്കരുത് എന്നതിന്റെ ഉദാഹരണമാകണം എന്റെ ജീവിതം. ഞാന്‍ ദുഖിക്കുന്നില്ല കാരണം എനിക്കു ഇങ്ങനെയല്ലാതെ ജീവിക്കാനാകുമായിരുന്നില്ല.’
ഡേവിഡ് ബെക്കാമിനെ ബെസ്റ്റിനുപുശ്ചമായിരുന്നു. അയാള്‍ ഒരു കളിക്കാരനല്ല , ഒരു ഷോ മാന്‍ മാത്രമാണെന്നു ആദ്യം തിരിച്ചറിഞ്ഞത് ബെസ്റ്റ് ആയിരുന്നു. എറിക് കന്റോണയെ ബെസ്റ്റ് ബഹുമാനിച്ചിരുന്നു.
1976 ഇല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹോളണ്ട് അയര്‍ലന്റിനെ നേരിടുന്നു. ബെസ്റ്റ് അപ്പോഴേക്കും തന്റെ സുവര്‍ണകാലം പിന്നിട്ടിരുന്നു. പൂര്‍ ണമായി മദ്യത്തിന്റെ അടിമയായി കഴിഞ്ഞിരുന്ന ബെസ്റ്റിനെ ആരും കാര്യമായി പരിഗണിച്ചിരുന്നില്ല. ഹോളണ്ടിനെ നയിക്കുന്നത് അക്കാലത്തെ എറ്റവും മഹാനായ താരം യോഹാന്‍ ക്രൈഫ്. കളിക്ക് മുന്‍പ് ഒരു പത്രലേഖകന്‍ ബെസ്റ്റിനോട് ക്രൈഫ് താങ്കളേക്കാള്‍ മികച്ച താരമാണോ എന്നു ചോദിക്കുന്നു. ഒരു പൊട്ടിച്ചിരിയോടെ നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ എന്നാണു ബെസ്റ്റ് പ്രതികരിച്ചത്. കളി തുടങ്ങി എതാനും മിനുറ്റുകള്‍ക്കുള്ളില്‍ ബെസ്റ്റിനു ഗ്രൗണ്ടിന്റെ ഇടത് ഭാഗത്ത് വച്ച് പന്ത് കിട്ടുന്നു. നേരെ മുന്നോട്ട് പോകുന്നതിനു പകരം കാണികളെ ഒന്നടങ്കം ഞെട്ടിച്ച് ബെസ്റ്റ് വെട്ടിതിരിഞ്ഞു വലതു ഭാഗത്തേക്ക് വച്ചു പിടിച്ചു. മൂന്നോ നാലോ ഡച്ച് കളിക്കാരെ മറി കടന്ന് അയാള്‍ വലതു ഭാഗത്തു നില്ക്കുകയായിരുന്ന ക്രൈഫിന്റെ അടുത്തേക്ക് നീങ്ങിജോര്‍ ജ് ബെസ്റ്റും യോഹാന്‍ ക്രൈഫും മുഖാമുഖം, ഫുട്ബാളിലെ എറ്റവും സമ്മോഹനമായ കാഴ്ചകളില്‍ ഒന്ന്. ചുമലുകള്‍ ചെറുതായി അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ച് ജോര്‍ജ് ബെസ്റ്റ് യോഹാന്‍ ക്രൈഫ് എന്ന ലെജണ്ടിനെ സുന്ദരമായി ഡ്രിബിള്‍ ചെയ്ത് മറികടന്നു .ക്രൈഫ് തരിച്ചു നില്‌ക്കെ ബെസ്റ്റ് തന്റെ വലതു മുഷ്ടി വായുവില്‍ ഉയര്‍ത്തി വീശി. അതൊരു അപൂര്‍വ്വ നിമിഷമായിരുന്നു. താന്‍ എന്താണെന്ന്, എന്താകേണ്ടിയിരുന്നു എന്ന് ജോര്‍ജ് ബെസ്റ്റ് ലോകത്തിനു കാണിച്ച് കൊടുത്ത അപൂര്‍വ്വ നിമിഷം. അന്നും ജോര്‍ജ് ബെസ്റ്റ് തന്നെയായിരുന്നു മികച്ചവന്‍, അന്നും അയാളിലെ പ്രതിഭ പൂര്‍ണമായി അസ്തമിച്ചിരുന്നില്ല. ആ മത്സരം കഴിഞ്ഞ് ഹോളണ്ടിന്റെ കോച്ച് ബെസ്റ്റിന്റെ അടുത്തേക്ക് നടന്നു ചെന്നു. പറഞ്ഞത് ഇത്ര മാത്രം. നിങ്ങള്‍ നശിപ്പിച്ചത് നിങ്ങളുടെ ജീവിതം മാത്രമായിരുന്നില്ല, ലോകത്താര്‍ക്കും കിട്ടാത്ത ഒരു അപൂര്‍വ വരദാനം കൂടിയായിരുന്നു.
‘എനിക്ക് തോല്പ്പിക്കാന്‍ കഴിയാതിരുന്ന ഒരേ ഒരു എതിരാളി മദ്യമായിരുന്നു. 1969 ല്‍ ഞാന്‍ മദ്യവും സ്ത്രീകളെയും ഉപേക്ഷിച്ചു. ആ ഇരുപത് മിനിറ്റുകള്‍ എന്റെ ജീവിതത്തിലെ എറ്റവും മോശം 20 മിനിറ്റുകളായിരുന്നു’.
ഒരു ലോകകപ്പില്‍ പോലും കളിക്കാന്‍ കഴിയാതെ പോയ ഒരപൂര്‍വ്വ പ്രതിഭ. അയാള്‍ക്ക് ആരെയും കുറ്റപ്പെടുത്താനാവില്ല, കാരണം അയാളുടെ നാശത്തിനു ഉത്തരവാദി അയാള്‍ മാത്രമായിരുന്നു. ഇതിനൊരു മറുവശം കൂടെ ഉണ്ടായിരുന്നു. തന്നിലെ വന്യമായ പ്രതിഭയെ അടക്കി നിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്ന സത്യം. മറ്റാര്‍ക്കും ലഭിക്കാത്ത ആ പ്രതിഭയുടെ ഭാരം അയാളെ ദുര്‍ബലനാക്കി. അതില്‍ നിന്നും രക്ഷ നേടാന്‍ അയാള്‍ക്ക് മദ്യത്തില്‍ അഭയം നേടുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. നേര്‍വഴി കാണിച്ചു കൊടുക്കാനും ആരുമില്ലാത്ത അവസ്ഥയില്‍ ജോര്‍ജിനു വഴിതെറ്റി. തന്റെ ആത്മ കഥയില്‍ ബെസ്റ്റ് ഇങ്ങനെ കുറിച്ചിട്ടു-‘എനിക്ക് തോല്പ്പിക്കാന്‍ കഴിയാതിരുന്ന ഒരേ ഒരു എതിരാളി മദ്യമായിരുന്നു. 1969 ല്‍ ഞാന്‍ മദ്യവും സ്ത്രീകളെയും ഉപേക്ഷിച്ചു. ആ ഇരുപത് മിനിറ്റുകള്‍ എന്റെ ജീവിതത്തിലെ എറ്റവും മോശം 20 മിനിറ്റുകളായിരുന്നു’. പക്ഷേ ബെസ്റ്റിനു ശേഷം വന്ന പല ഫുട്‌ബോളര്‍മാരും അഗ്രഹിച്ചിരുന്നു, 15 കൊല്ലം ഒരു സാധാരണ കളിക്കാരനെ പോലെ കളിച്ചു മരിക്കുന്നതിനേക്കാള്‍ ഒരു ദിവസമെങ്കിലും ഒരു ജോര്‍ജ് ബസ്റ്റ് ആയി കളിച്ചു മരിക്കാന്‍. അതൊരു ആഗ്രഹം മാത്രമായി അവശേഷിച്ചു, കാരണം ബെസ്റ്റിനു മുന്‍പും പിന്‍പും മറ്റൊരു ജോര്‍ജ് ബസ്റ്റ് ജനിച്ചില്ല. റെക്കോര്‍ഡ് പുസ്തകങ്ങളിലോ വാഴ്ത്തു പാട്ടുകളിലോ നിങ്ങള്‍ ജോര്‍ജ് ബെസ്റ്റിനെ കണ്ടെന്നു വരില്ല. പക്ഷേ അയാള്‍ ഇവിടെ ജീവിച്ചിരുന്നു. ഒരു പച്ച മനുഷ്യനായി. പെലെയെയും മാറഡോണയെയും മാത്രമറിയുന്ന ഈ തലമുറക്ക്, പെലെയെയും മാരഡോണയെയും പോലും അതിശയിപ്പിക്കുന്ന പ്രതിഭയുമായി ഒരു കളിക്കാരന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന അറിവ് അത്ഭുതമായിരിക്കും. മാറഡോണ വാസ് ഗുഡ്, പെലെ വാസ് ബെറ്റര്‍, ബട്ട്, ജോര്‍ജ് വാസ് ദ ബെസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല