ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ബ്രിസ്‌കയുടെ വക മറ്റൊരു ഓണാഘോഷം കൂടി. സെപ്റ്റംബര്‍ പതിനഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന നടന്ന കായിക വിനോദങ്ങളില്‍ സ്ത്രീ പുരുഷ ഭേദമെന്യേ ഏവരും പങ്കുചേര്‍ന്നു.
വെകുന്നേരം നടന്ന കലാസന്ധ്യയ്ക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ താലപ്പൊലിയേന്തിയ മലയാളി മങ്കമാരും ആര്‍പ്പുവിളികളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടന്ന പുലികളിയും നെറ്റിപ്പട്ടം കെട്ടിയ ആനകളും അണിനിരന്നത് കാണികളുടെ മനംകവര്‍ന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി മന്നന്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
പൊതുസമ്മേളനത്തിന്റെ ഉത്ഘാടനം ബ്രിസ്‌കയുടെ വിവിധ ശാഖകളുടെ പ്രതിനിധികളായ റെജികോണ്‍ (അയല്‍കൂട്ടം), അനൂപ് (ക്രിക്കറ്റ്ക്ലബ്ബ്), ബാബൂ ആലിയാത്ത്(ബാഡ്മിന്റണ്‍), ആനന്ദ്‌ജോസ്,അരവിന്ദ് പ്രമോദ് (കിഡ്‌സ് ഫുട്‌ബോള്‍) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. ബ്രിസ്‌ക പ്രസിഡന്റ് ജോമോന്‍ സെബാസ്റ്റിയന്‍ സ്വാഗതം ആശംസിച്ചു. സ്‌പോര്‍ട്‌സ് ഡേയില്‍ നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ പ്രസാദ് ജോണ്‍, സുദര്‍ശന്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി.
തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ ബ്രിസ്‌കയിലെ കുഞ്ഞിക്കുരുന്നുകള്‍ മുതല്‍ മദ്ധ്യ വയസ്‌കര്‍ വരെയുളളവര്‍ പ്രായഭേദമെന്യേ ചുവടുകള്‍ വച്ചു. ബ്രിസ്‌കയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിസ്റ്റോള്‍ മലയാളികളുടെ ഇടയില്‍ മാത്രമല്ല യുകെ മലയാളികളുടെ ഇടയിലാകമാനം പ്രശംസ നേടികൊടുത്തുകൊണ്ടിരിക്കുകയാണന്ന് ഭാരവാഹികള്‍ അറിയിച്ചു. രാത്രി ഒന്‍പത് മണിയോടെ ആഘോഷങ്ങള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല