12 മാസം പ്രായമായ കുട്ടികളില്‍ ഓട്ടിസം ഉണ്ടോ എന്ന് വെറും അഞ്ച് മിനുറ്റ് നീളുന്ന സ്ക്രീനിംഗ് പരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗവേഷകരാണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയിട്ടുള്ളത്.
വ്യക്തിവികസനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഈ പ്രശ്നം ചെറുപ്പകാലത്താണ് ആരംഭിക്കുന്നത്. തുടര്‍ന്ന് യൗവ്വനമാകുമ്പോഴേക്കും ഇത് മൂര്‍ധന്യതയിലെത്തും. എന്നാല്‍ ചെറുപ്പത്തില്‍തന്നെ കണ്ടെത്തുക എന്നുള്ളതാണ് ഇത് തടയാനുള്ള പോംവഴി. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഓട്ടിസത്തിന്റെ ടെസ്റ്റ് നടത്തണമെന്ന് വ്യക്തമാക്കുന്നതാണ് പഠനമെന്ന് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ കാരന് പിയേഴ്സ് പറയുന്നു.
ഇതാദ്യമായാണ് കുട്ടികളിലെ ഓട്ടിസവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പഠനറിപ്പോര്‍ട്ട് പുറത്തുവരുന്നത്. യു.കെയില്‍ നൂറില്‍ ഒരു കുട്ടിക്കും ഓട്ടിസം ബാധിക്കുന്നുണ്ടെന്ന് എന്‍.എച്ച്.എസ് ഈയിടെ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടിരുന്നു. ആശയവിനിമയത്തിനും സമൂഹത്തില്‍ പൂര്‍ണമായ തോതില്‍ ഇടപെടല്‍ നടത്തുന്നതിനും ഇത് കുട്ടിയെ തടയുന്നു.
നിലവില്‍ മൂന്നുവയസാകുന്നതോടെയാണ് ഓട്ടിസത്തിന്റെ പരിശോധന നടക്കുന്നത്. എന്നാല്‍ എത്രയും ചെറുപ്രായത്തില്‍ പരിശോധന നടത്തുന്നോ അത്രയും നല്ലതായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചെറുപ്പത്തില്‍ തന്നെ ഇത് കണ്ടുപിടിക്കാനായില് ഓട്ടിസത്തിന്റെ പ്രഭാവം കുറയ്ക്കാനാകുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 137 ഓളം ശിശുരോഗവിദഗ്ധരുമായി ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല