രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ ഒരേയൊരുതവണ എതിരാളിയെ വാക്കുകളിലൂടെ പ്രകോപ്പിച്ചിട്ടുണ്ടെന്ന് (സ്ലെഡ്ജിങ്) ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസീസിന്റെ സൂപ്പര്‍ പേസ് ബൗളര്‍ മക്ഗ്രാത്തിനെയാണ് സച്ചിന്‍ രൂക്ഷ വാക്കുകളുപയോഗിച്ച് ചൊടിപ്പിച്ചത്.
പ്രമുഖ ദിന പത്രമായ ആനന്ദ് ബസാര്‍ പത്രികയുടെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ഗൗതം ഭട്ടാചാര്യ രചിച്ച സച്ച് എന്ന പുസ്തകത്തിലാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. 2000ത്തില്‍ കെനിയയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെയാണു സംഭവം.
ഓസീസിനെതിരെ ബാറ്റ് ചെയ്യാന്‍ ഞാനും സൗരവ് ഗാംഗുലിയും ക്രീസിലെത്തി. ബാറ്റിങ്ങിനിറങ്ങുന്ന സമയത്തു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പിച്ചാണെങ്കില്‍ ഈര്‍പ്പമുള്ളതും. ആ സാഹചര്യത്തില്‍ മക്ഗ്രാത്ത് കൃത്യതയോടെ പന്തെറിഞ്ഞുരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവുമായിരുന്നു. കളിയ്ക്കാനിറങ്ങുമ്പോള്‍ തന്നെ മക്ഗ്രാത്തിനെ സ്ലെഡ്ജ് ചെയ്യുമെന്ന് ഗാംഗുലിയ്ക്ക് സൂചനകള്‍ നല്‍കിയിരുന്നു.
ആദ്യ ഓവറില്‍തന്നെ ഗ്ലെന്നിനെതിരേ സ്‌റ്റെപ്പ് ഔട്ട് ചെയ്തു. പിന്നീടു മുന്നില്‍ച്ചെന്നു പറഞ്ഞു, ഇന്നു ഞാന്‍ നിങ്ങളെ ഗ്രൗണ്ടിനു പുറത്തേക്കു പറത്തും. നിയന്ത്രണം വിട്ട മക്ഗ്രാത്തിന് പിന്നീട് ലൈനും ലെങ്തും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അത് ഞങ്ങള്‍ മുതലാക്കി.
മത്സരത്തില്‍ ജയിച്ചത് ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിച്ചു. ടീം തന്ത്രത്തിന്റെ ഭാഗമായാണു മക്ഗ്രാത്തിനെതിരേ അന്നങ്ങനെ ചെയ്തത്. അതിന് മുമ്പോ ശേഷമോ ഈ തന്ത്രം പ്രയോഗിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല