ഒരുദിവസം ഏറ്റവുമധികം ആളുകളെ നിയമിക്കുകയെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ഫാസ്റ്റ്ഫുഡ് രംഗത്തെ അതികായരായ മക്‌ഡൊണാള്‍ഡ്. ഒറ്റദിവസംകൊണ്ട് 50,000 ജോലിക്കാരെ നിയമിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.
ഏപ്രില്‍ 19നാണ് റെക്കോര്‍ഡ് നിയമനം നടത്തുക. അമേരിക്കയിലുടനീളമുള്ള 14,000 ഔട്ടലെറ്റുകളിലായിരിക്കും ആളുകളെ നിയമിക്കുക. റസ്‌റ്റോറന്റ് മാനേജര്‍മാര്‍ മുതല്‍ ബര്‍ഗര്‍ എത്തിക്കുന്നവര്‍ വരെയുള്ള പോസ്റ്റുകളിലേക്കാണ് റെക്കോര്‍ഡ് നിയമനം നടത്തുക.
ഒറ്റദിവസം കൊണ്ട് 50,000 ആളുകളെ നിയമിക്കുക എന്നത് പബ്ലിസിറ്റിക്കുവേണ്ടിയുള്ള നീക്കമാണെന്ന് മക്‌ഡൊണാള്‍ഡ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫുള്‍ടൈം, പാര്‍ട്ട്‌ടൈം ജോലികളിലേക്കാണ് ആളുകളെ നിയമിക്കുകയെന്നും കമ്പനി അറിയിച്ചു.
എന്നാല്‍ വൈദഗ്ധ്യം കുറഞ്ഞ ജോലികളാണ് മക്‌ഡൊണാള്‍ഡ് വാഗ്ദാനം ചെയ്യുന്നതെന്ന ആരോപണം നിലനിന്നിരുന്നു. മക്‌ജോബ്‌സ് എന്ന പദം തന്നെ ഇതിനെക്കുറിച്ച് നിലവിലുണ്ടായിരുന്നു. അതിനിടെ ജോലികളുടെ നിലവാരവും കൂലിയും തമ്മില്‍ കടുത്ത അന്തരമാണ് യു.എസ്സില്‍ നിലനില്‍ക്കുന്നതെന്ന് ചില സാമ്പത്തികശാസ്ത്രജ്ഞര്‍ ആരോപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല