ഓടുന്ന തീവണ്ടിക്കു മുന്നിൽ നിന്ന് സെൽഫി ഏടുക്കാൻ ശ്രമിച്ച മൂന്നു യുവാക്കൾ അതേ തീവണ്ടി തട്ടി മരിച്ചു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് അപകടം.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് താജ്മഹൽ കാണാൻ പോകുകയായിരുന്നു യുവാക്കൾ. മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ന്യൂഡല്‍ഹിയില്‍ നിന്നുള്ള അഫ്സല് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മരിച്ച എല്ലാവരും 20 – 22 വയസ് പ്രായമുള്ളവരാണ്.
ആഗ്രയിലേക്കുള്ള യാത്രക്കിടെ എതിരെയുള്ള ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട യുവാക്കൾ സെൽഫിയെടുക്കാനായി കാറിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു എന്ന് സംഘത്തിലുണ്ടായിരുന്ന അനീഷ് പോലീസിനോട് പറഞ്ഞു. അനീഷ് അപകടത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നിൽ നിന്നുള്ള സാഹസിക സെൽഫി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ഉദ്ദേശം. എന്നാൽ അപ്രതീക്ഷിത വേഗത്തിൽ തീവണ്ടി അടുത്തെത്തുകയായിരുന്നു. തനിക്കു മാത്രമേ ചാടി രക്ഷപ്പെടാൻ സമയം കിട്ടിയുള്ളു എന്നും അനീഷ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല