മലയാള നാടിന്റെ ഉത്സവമായ്
മാമല നാടിന്‍റെ തുടിതാളമായ്
ഓണവും പൂക്കളും വന്നണഞ്ഞു
ഓര്‍മ്മയില്‍ പൂവിളി ഓടിയെത്തി
പൊന്നോണ വെയിലിലെ പൂത്തുമ്പിയും
പുന്നമടയിലെ വഞ്ചിപ്പാട്ടും
നഷ്ട സൌഭാഗ്യത്തിന്‍ കണക്കിലിതാ
നാടിന്റെ ഓര്‍മ്മയും ചേര്‍ന്നിടുന്നു
മാവേലി വാണൊരു നാട്ടിലിന്ന്
മാലോക ജീവിതം പെരുവഴിയില്‍
അണ്ണാഹസാരയും സമരങ്ങളും
ആയിരം കോടി തന്‍ അഴിമതിയും
ഇല്ലാത്ത കാലത്ത് കേരളത്തില്‍
ഇല്ലായ്മ ഇല്ലാതെ ഭരിച്ചു നീയേ
മാവേലി നീയെത്ര ഭാഗ്യവാനാ
മാലോകര്‍ വാഴ്ത്തുന്നു നിന്റെ കാലം
പൂവിളി, ഉത്രാടം ,പൊന്നൂഞ്ഞാല്
പൂമുഖ മുറ്റത്തെ പൂക്കളവും
ഇന്നിന്റെ ജീവിത ശതവേഗത്തില്‍
ഈ നല്ല കാലം മറക്കുന്നു നാം
അത്തച്ചമയവും പുലികളിയും
ആ നല്ല കാലത്തിന്‍ ശംഖൊലികള്‍
ഓര്‍മയില്‍ നില്‍ക്കുന്നാ നല്ല കാലം
ഓടി മറയുന്നൂ ഈ വേളയില്‍
മാവേലി മന്നനെ പാതാളത്തില്‍
മത്സരിച്ചയക്കുന്ന പ്രവാസികള്‍ നാം
ഓരോരോ ദേശത്തും മൂന്ന് ഓണങ്ങള്‍
ഒരുമിച്ചു ഘോഷിക്കും മലയാളി നാം
മാവേലി മന്നനെ കണ്ടെത്തുവാന്‍
മത്സരം നടത്തുന്ന മാലോകര്‍ നാം
പാതാളം പുല്കിയാ മാവേലിയോ
പണ്ടേ മടുത്തല്ലോ ഈ നാടിനെ
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആ നല്ല കാലം തിരിച്ചു കിട്ടാന്‍
ഈ ഓണക്കാലത്ത് ശ്രമിച്ചിടുവിന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല