ലണ്ടന്‍: ലോകത്തില്‍ നടക്കുന്ന ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ബ്രിട്ടണില്‍ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഓരോ മൂന്ന് സെക്കന്റിലും പതിനെട്ട് വയസില്‍ താഴെ പ്രായമുള്ള ഒരു കുട്ടി വിവാഹിതയാകുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. ബലപ്രയോഗത്തിലൂടെയാണ് പ്രായമെത്താത്ത ബാലികമാര്‍ വിവാഹിതകളാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ശൈശവ വിവാഹം നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശത്തോടെ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ സൗത്ത് ആഫ്രിക്ക, നോര്‍ത്ത് ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ശൈശവ വിവാഹം ഏറ്റവും കൂടുതല്‍ നടക്കുന്നതെന്ന് വ്യക്തമാക്കി.
ഒരു വര്‍ഷം ഏതാണ്ട് പത്ത് മില്യണ്‍ ബാലികമാര്‍ സ്വന്തം സമ്മതമില്ലാതെ വിവാഹിതരാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത സ്വന്തം സമ്മതമില്ലാതെ വിവാഹിതരാകുന്ന ബാലികമാരുടെ എണ്ണം യൂറോപ്പിലും വല്ലാതെ കൂടിയിട്ടുണ്ട് എന്ന വസ്തുതയാണ്. ഏതാണ്ട് 2.2 മില്യണ്‍ ബാലികമാരാണ് പതിനെട്ട് വയസിനുമുമ്പേ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവാഹിതരാകാന്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്നത്. ജോര്‍ജ്ജിയായില്‍ 17% മാനവും തുര്‍ക്കിയില്‍ 14%വുമാണ് ബാലികവിവാഹനിരക്ക്.
ബ്രിട്ടണിലും ഫ്രാന്‍സിലും ഇത് 10%ത്തോളം വരുമെന്ന് കേള്‍ക്കുമ്പോഴാണ് ബാലികമാരുടെ ജീവിതം എത്രത്തോളം ദുസ്സഹമാണെന്ന് തിരിച്ചറിയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം വിവാഹിതരാകാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പറഞ്ഞ് 1,700 ഫോണ്‍കോളുകളാണ് ബ്രിട്ടണിലെ അധികൃതര്‍ക്ക് ലഭിച്ചത്. പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ളവരെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് ഐക്യരാഷ്ട്രസഭ വരെ നിരോധിച്ചിട്ടുള്ള കാര്യമായിരിക്കുമ്പോഴാണ് യൂറോപ്പില്‍പോലും ഇതെല്ലാം നടക്കുന്നത്.
ചെറുപ്പത്തിലെ വിവാഹം കഴിക്കുന്നതും ഗര്‍ഭിണിയാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ചെറുപ്പത്തിലെ അമ്മയാകുന്നത് പെണ്‍കുട്ടികള്‍ക്കും ജനിക്കുന്ന കുട്ടികള്‍ക്കും പ്രശ്നമാകും എന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല