ലണ്ടന്‍: ആദ്യ മൂന്ന് ടെസ്റ്റിലും നാണം കെട്ട തോല്‍വി ഏറ്റ് വാങ്ങി പരമ്പരയും ഒന്നാം റാങ്കും ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവെച്ച ഇന്ത്യയുടെ ചെറുപ്പം നഷ്ടപെട്ട വയസ്സന്‍ പട മാനം കാക്കാന്‍ വ്യാഴാഴ്ച ഇറങ്ങുന്നു. നാല് ടെസറ്റുകളടങ്ങിയ പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും.
പരമ്പര തൂത്ത് വാരുകയെന്ന ലക്ഷ്യവുമായെത്തുന്ന ആതിഥേയരെ അവസാന ടെസ്റ്റിലെങ്കിലും തോല്‍പ്പിച്ച് ആശ്വാസം കൊള്ളാനാവും ഇന്ത്യയിറങ്ങുക. ഒപ്പം മൂന്ന് തോല്‍വിയോടെ ടീമിലുള്ള പ്രതീക്ഷ നഷ്ടപെട്ട ക്രിക്കറ്റ് ജീവവായുവാണെന്ന് കരുതുന്ന കോടികണക്കിന് ആരാധകരെ കൂടെ നിര്‍ത്തുകയെന്ന പണിപെട്ട ദൗത്യവും ഇന്ത്യക്ക് മുന്നിലുണ്ട്.
എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ആദ്യ മൂന്ന് ടെസ്റ്റിലും ആധികാരിക വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലാണ്. ഇത് വെളിവാക്കുന്നതായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍.
അവസാനടെസ്റ്റിലും ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര തൂത്ത് വാരുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളിക്കാത്തതല്ല തങ്ങളവരെ കളിപ്പിക്കാത്തതാണെന്നാണ് ബ്രോഡിന്റെ കസര്‍ത്ത്. ഇന്ത്യയാകട്ടെ തുടര്‍ച്ചയായുള്ള തോല്‍വിക്ക് പുറമെ മുന്‍ താരങ്ങളടക്കമുള്ള പ്രമുഖരുടെ വിമര്‍ശനങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ടുഴറുകയാണ്.
പേര്‌കേട്ട മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ തുടര്‍ച്ചയായുള്ള പരാജയവും സഹീറിന്റെ അഭാവത്തില്‍ മൂര്‍ച്ച കുറഞ്ഞ ബൗളര്‍മാരുടെ ദയനീയ പ്രകടനവുമാണ് ഇന്ത്യയെ വലയ്ക്കുന്നത്. ഫീല്‍ഡിലും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ദയനീയമാണ്. ചുരുക്കിപറഞ്ഞാല്‍ കളിയുടെ സമസ്തമേഖലയിലും ടീമിന്ത്യ സമ്പൂര്‍ണ്ണ പരാജയമാണെന്നാണ് ഇത് വരെയുള്ള മത്സരഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
ചരിത്രപരമായ ഒരുപാട് മത്സരങ്ങള്‍ക്ക് വേദിയായ ഓവല്‍ ഇംഗ്ലണ്ടിന്റ് പ്രിയപ്പെട്ട വേദികളിലൊന്നാണ്. ഇംഗ്ലണ്ടിലെ ആദ്യടെസ്റ്റ് മത്സരം നടന്ന ഓവലില്‍ ഇത് വരെ 38 ടെസ്റ്റുകള്‍ ആതിഥേയര്‍ ജയിച്ചിട്ടുണ്ട്. ഇന്ത്യയാകട്ടെ പത്ത് മതസരങ്ങള്‍ കളിച്ചതില്‍ ഒരു വിജയം മാത്രമാണ് കൈവരിക്കാനായത്. രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. ഏഴ് ടെസ്റ്റുകള്‍ സമനിലയിലായി. ഓവലില്‍ രാഹുല്‍ ദ്രാവിഡൊഴിച്ചുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാരുടെ റെക്കോര്‍ഡൊന്നും അത്ര മെച്ചപ്പെട്ടതല്ല.
കണക്കുകള്‍ ഇന്ത്യക്കെതിരാണെങ്കിലും ബാറ്റിംങ്ങിനെതുണക്കുന്ന പിച്ചില്‍ ഇന്ത്യയുടെ ലോകോത്തര ബാറ്റ്‌സ്മാന്മാര്‍ ഫോമിലേക്കുയരുമെന്നും അതുവഴി സമനിലയെങ്കിലും കൈവരിക്കാമെന്നും, പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയമെന്ന നാണക്കേട് ഒഴിവാക്കാമെന്നും തന്നെയാണ് ടീം അധികൃതരുടെ കണക്ക് കൂട്ടല്‍.
മറിച്ചാണെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ വൈറ്റ് വാഷ് ഏറ്റ വാങ്ങുന്ന ടീമെന്ന ഖ്യാതി സ്വന്തമാക്കുന്നതോടൊപ്പം നിലവിലെ റാങ്കിങ്ങിലെ രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കക്ക് അടിയറവും വെക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല