1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2016

കവന്റ്രി: കര്‍ക്കിടകം വിരുന്നെത്തുമ്പോള്‍ കവന്‍ട്രി ഹിന്ദു സമാജം നടത്തിയ ഔഷധക്കഞ്ഞി വിതരണം ഹിറ്റായി . കഴിഞ്ഞ ദിവസം കവന്‍ട്രിയില്‍ നടന്ന സത്സംഗത്തില്‍ അമ്പതിലേറെ പേര്‍ ഔഷധക്കഞ്ഞിയുടെ രുചിയറിഞ്ഞു . പലരും ജീവിതത്തില്‍ തന്നെ ആദ്യമായണ് കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് . ഏറെ ഔഷധ ഗുണം നിറഞ്ഞ കഞ്ഞി കഴിക്കാന്‍ വൃതം എടുത്തു പച്ചക്കറികള്‍ മാത്രം കഴിച്ചു എത്തിയവര്‍ പോലും ഉണ്ടായിരുന്നു . കേരളത്തിലെ പ്രശസ്ത ആയുര്‍വേദ ശാലയില്‍ നിന്നും വരുത്തിയ ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ചു ഷൈനി മോഹനന്റെ നെത്ര്വതത്തില്‍ സമാജം അംഗങ്ങളാണ് കഞ്ഞി തയ്യാറാക്കിയത് . കര്‍ക്കിടക കഞ്ഞിയുടെ മഹിമ അറിഞ്ഞു യു കെ യുടെ നാനാഭാഗത്തു നിന്നും കഞ്ഞി തയ്യാറാക്കുന്ന രീതി അംനൗഷിച്ചു സമാജം അംഗങ്ങളെ തേടി അംനൗഷണം എത്തുകയാണ് . ആദ്യം തേങ്ങാപ്പാലില്‍ അരിയും പിന്നീട് മരുന്നു കൂട്ടുകളും വേവിച്ചാണ് കര്‍ക്കിടക കഞ്ഞി തയ്യാറാക്കുന്നത് . കരിജീരകം , ഞവര അരി , ഉലുവ , ആശാളി , ചെറുപയര്‍ , ചുക്ക് , ജാതിപത്രി , വിഴാലരി , മല്ലി , പെരുംജീരകം , ഏലക്ക , ഇലവര്ഗം , മഞ്ഞള്‍ , കടുകപാലയരി , കറുക , ഉഴിഞ്ഞ , പൂവാംകുരുന്നില്ല , വരക് , തിന , തിപ്പലി , കുരുമുളക് , കാര്‌കോലരി , ജാതിക്ക , മയാക്കു , കാട്ടുമുളകിന് വേര് , കുറുത്തൊട്ടി , തഴുതാമ വേര് എന്നിവ ചേര്‍ത്തു തേങ്ങാപ്പാലില്‍ ആണ് കഞ്ഞി തയ്യാറാകിയതു .ശരീര പുഷ്ടിക്കും കൈകാല്‍ കടച്ചില്‍ , വാതം , നടുവ് വേദന എന്നിവയ്ക്കും ഒക്കെ ഉത്തമമായാണ് പുരാതന കാലം മുതല്‍ ജാതി മത ഭേദം അന്യേ മലയാളികള്‍ മരുന്നു കഞ്ഞി സേവിച്ചിരുന്നത് .
കര്‍ക്കിടക മാസ ആചരണത്തിന്റെ ഭാഗമായാണ് കവന്‍ട്രി ഹിന്ദു സമാജം കഞ്ഞി വിതരണവും രാമായണ പാരായണവും സംഘടിപ്പിച്ചത് . മലയാളത്തിലെ പ്രമുഖ ചാനല്‍ അവതരിപ്പിച്ച കവിത ആസ്വാദന പരിപാടിയിലടക്കം ഒട്ടേറെ വേദികളില്‍ മലയാള കവിതയുടെ പ്രചാരകനായി നിറഞ്ഞിരുന്ന ശ്രീകാന്ത് നമ്പൂതിരി നടത്തിയ രാമായണ പാരായണം കര്‍ണാമൃതവും രാമകഥയിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിക്കുവാനും ഉള്ള അവസരമായതായി പരിപാടിയില്‍ പങ്കെടുത്തവര്‍ സൂചിപ്പിച്ചു . ഒരിക്കല്‍ എങ്കിലും രാമ കഥകള്‍ കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത് മോക്ഷ പ്രാപ്തിക്കു പോലും സഹായകം ആണെന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി കര്‍ക്കിടക മാസം പൂര്‍ണമായും കഴിയുന്നത്ര വീടുകളില്‍ രാമായണ പാരായണവും രാമനാമ സന്ധ്യ ജപവും നടത്തുവാനും ഹിന്ദു സമാജം മുന്‍കൈ എടുക്കുമെന്ന് കോ ഓഡിനേറ്റര്‍ അനില്‍ പിള്ള അറിയിച്ചു .
രാമ കഥയിലൂടെ കുട്ടികളില്‍ അനുസരണ , മാതാപിതാക്കളോട് ആദരവ് , മുതിര്‍ന്നവരോട് ബഹുമാനം , പഠനത്തില്‍ ശ്രദ്ധ മുതലായ മൂല്യങ്ങള്‍ നിറഞ്ഞ ജീവിതം നയിക്കാന്‍ കഴിയുമെന്ന സാരോപദേശ കഥയും സത്‌സംഗത്തില്‍ അവതരിപ്പിക്കപ്പെട്ടു . ഷൈനി മോഹനന്‍ നടത്തിയ കഥ സദസ് മുതിര്‍ന്നവര്‍ക്കും രാമന്‍ വസിഷ്ഠ മഹര്‍ഷിയില്‍ നിന്നും സ്വായത്തം ആക്കിയ ഗുണങ്ങള്‍ ഒരിക്കല്‍ കൂടി മനസിലാക്കാന്‍ അവസരം സൃഷ്ട്ടിച്ചു . ദിവ്യ സുഭാഷ് നെത്ര്വതം നല്‍കിയ ചിത്ര രചന മത്സരരത്തില്‍ ഒരു ഡസന്‍ കുട്ടികളുടെ എന്‍ട്രികള്‍ എത്തിയതും പ്രത്യേകതയായി . ആദ്യ മൂന്നു സ്ഥാനങ്ങള്‍ അമൃത അജികുമാര്‍ , യദു പ്രസൂണ്‍ , അഞ്ജന സജിത് എന്നിവര്‍ നേടി . അടുത്ത സത്‌സംഗത്തില്‍ ഗണപതിയുടെ ചിത്രമാണ് മത്സര വിഷയമായി എത്തുന്നത് . ഇതിനായി ബാലഗണപതി , നര്‍ത്തന ഗണപതി , ധ്വജ ഗണപതി , സിദ്ധി ഗണപതി , വിഘ്‌ന ഗണപതി , ക്ഷിപ്ര ഗണപതി , ലക്ഷമി ഗണപതി , മഹാ ഗണപതി തുടങ്ങി 32 ഗണപതി രൂപങ്ങളും ഉപയോഗിക്കാം . കുട്ടികളുടെ ക്രിയേറ്റിവിറ്റി വളര്‍ത്തുന്നതിനും ഈശ്വര രൂപം മനസില്‍ പതിയുന്നതിനും കഴിവതും ചിത്രം വരയ്ക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ മത്സരത്തിന്റെ അടിസ്ഥാന ആശയം . ചിത്രത്തിന്റെ ഭംഗിയേക്കാള്‍ ആശയം അവരുടെ മനസില്‍ പതിയുന്നതിനാണ് ഈ ശ്രമം നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു .. ഒരു പ്രോത്സാഹനം എന്ന നിലയ്ക്ക് മാത്രമാണ് വിജയികളെ പ്രഖ്യാപിക്കുന്നതും സമ്മാനം നല്‍കുന്നതും . മത്സരത്തെ പോസിറ്റീവായി കാണുന്ന സമീപനം കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തു കഴിഞ്ഞു

കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‌പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു .സൂര്യ ശ്രീ , ഈശ്വര്‍ എന്നിവരുടെ പിറന്നാള്‍ ആഘോഷമാക്കിയ സമാജം പ്രവര്‍ത്തകര്‍ അടുത്ത മാസത്തെ സത് സംഘത്തില്‍ പ്രാര്‍ത്ഥന സുഭാഷ് , ആര്‍ച്ച സജിത് എന്നിവരുടെ പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട് . കുട്ടികള്‍ക്ക് ആശംസ കാര്‍ഡുകള്‍ സമാജത്തിലെ മറ്റു കുട്ടികള്‍ തയ്യാറാക്കി നല്‍കുന്നു എന്നതും പുതുമയാണ് .
അടുത്ത സത്‌സംഗം ആഗസ്ത് ഏഴിന് ( കര്‍ക്കിടകം 23 ) അഷ്ബിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത് .വിലാസം 43 a , pass coutryard, ashby , LE65 1AG

more details 07466534965/ covhindu@gmail.com
https://www.facebook.com/ covetnry hindu samajam

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.