സമ്പാദ്യം അല്പം കൂടുതലാകുമ്പോള്‍ സ്വപ്നങ്ങളുടെ വലിപ്പവും കൂടുന്നത് സ്വാഭാവികം അത് തന്നെയാകണം പേപല്‍ സ്ഥാപകനായ പീറ്റര്‍ തീലിനെ കൊണ്ട് കടലില്‍ ഒഴുകി നടക്കുന്ന രാജ്യങ്ങള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുന്നതും. മഹാസമുദ്രങ്ങളില്‍ ഒഴുകുന്ന തട്ടുകള്‍ നിര്‍മിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ പുതിയ സമൂഹത്തെ സമുദ്രത്തില്‍ നിര്‍മിച്ചെടുക്കാനുള്ള പ്രോജക്റ്റിന്റെ ഒരുക്കത്തിലാണ് ഈ ബില്യനയര്‍. മനുഷ്യന്‍ എല്ലാ തരത്തിലും സ്വതന്ത്രനാണെന്ന ആദര്‍ശം വെച്ച് കൊണ്ടാണ് ഇദ്ദേഹം തന്റെ സാമ്രാജ്യം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം സാന്‍ ഫ്രാന്‍സിസ്കൊയില്‍ ആദ്യത്തെ ‘ഒഴുകുന്ന രാജ്യം; നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. 1.5 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള 43 കാരനായ തീല്‍, സീസ്റ്റെഡിംഗ് ഇന്‍സ്റ്റിട്ട്യൂട്ടിന് ഇതിനായ് 763,000 പൌണ്ട് നല്‍കി കഴിഞ്ഞു. പുതിയ സമൂഹം ഭൂമിയില്‍ നിര്‍മിക്കണമെങ്കില്‍ അത് സമുദ്രത്തില്‍ മാത്രമാണ് ഇനി സാധ്യമാകുകയെന്ന് സീസ്റ്റെഡിംഗ് പറയുന്നു. സാമ്പത്തികത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച മില്‍ട്ടന്‍ ഫ്രീഡ്മാന്റെ ചെറുമകനായ പാട്രി ഫ്രീഡ്മാനാണ് സീസ്റ്റെഡിംഗ് നടത്തുന്നത്.
സമുദ്രത്തില്‍ ഇത്തരം രാജ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളോ യുദ്ധമോ തിരഞ്ഞെടുപ്പോ വിപ്ലവമോ അങ്ങനെ ഒന്നിന്റെയും ആവശ്യം വരുന്നില്ലെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പലരും ഇത് അസാധ്യമാണെന്ന് പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ ഇത് സാധ്യമാക്കുമെന്നും നിര്‍മാതാക്കള്‍ കൂട്ടിചേര്‍ത്തു. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല