കോളിവുഡില്‍ തരംഗമായി മാറിയ ‘മൈന’യുടെ കന്നഡപതിപ്പില്‍ നിന്നും സനുഷ ഔട്ടായി. മലയാളിയായ അമലാ പോള്‍ അനശ്വരമാക്കിയ ടൈറ്റില്‍ കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുക ഭാമയാണ്. താന്‍ ആദ്യമായി നായികയാകുന്ന മലയാളസിനിമ ‘മിസ്റ്റര്‍ മരുമകന്റെ’ ഷൂട്ടിംഗ് നീണ്ടു പോയതിനെ തുടര്‍ന്നാണ് സനൂഷ കന്നഡ ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്.
എസ് നാരായണന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘ഷൈലു’ എന്ന പേരിലാണ് കന്നഡയിലെത്തുക. ചിത്രത്തില്‍ നായികയായി അമലയെയാണ് സംവിധായകന്‍ ആദ്യം ക്ഷണിച്ചത്. എന്നാല്‍ അമല ആ ക്ഷണം നിരസിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സനുഷയെ നായികയാക്കാന്‍ സംവിധായകന്‍ കെ. മഞ്ജു തീരുമാനിച്ചു. സനുഷയെ നായികയാക്കുന്നത് എസ്. നാരായണന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല.
ചിത്രം ചെയ്യാന്‍ സമ്മതം മൂളിയ സനുഷ മലയാളചിത്രം മിസ്റ്റര്‍ മരുമകന്റെ ഷൂട്ടിംങ് തിരക്കിലായി. എന്നാല്‍ മലയാളചിത്രത്തിന്റെ ഷൂട്ടിംങ് നീണ്ടതോടെ ചിത്രത്തില്‍ നിന്നും സനുഷ പിന്മാറുകയായിരുന്നു.
ഒടുവില്‍ സനൂഷയ്ക്ക് പകരം ഭാമയെ നായികയാക്കാന്‍ ഷൈലുവിന്റെ നിര്‍മാതാവ് കെ മഞ്ജുവും സംവിധായകന്‍ എസ് നാരായണനും തീരുമാനിക്കുകയായിരുന്നു. ഭാമയുടെ സൗകര്യത്തിനു ഷെഡ്യുളില്‍ ചില മാറ്റങ്ങള്‍ വരുത്താനും നിര്‍മാതാവ് തയ്യാറായി.
ഭാമ ഇതിനകം രണ്ട് കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘മൊതല സാല, ‘ഒന്തു ഷെന്താളി’ എന്നീ കന്നഡ ചിത്രങ്ങളിലാണ് ഭാമ അഭിനയിച്ചത്. ഇതില്‍ ഒന്തു ഷെന്താളി റിലീസ് ആവുന്നതേയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല