നിര്‍മ്മാല്യത്തിലൂടെ വന്ന സുമിത്രയുടെ മകള്‍ നക്ഷത്ര നായികയാവുന്ന ചിത്രമാണ് വൈഡൂര്യം. പത്മരാജന്‍, ഭരതന്‍, ജോഷി, തുടങ്ങിയവരോടൊപ്പം സഹായിയായ് പ്രവര്‍ത്തിച്ച ശശീന്ദ്ര കെ.ശങ്കര്‍ ഒരുക്കുന്ന പ്രഥമചിത്രംകൂടിയാണിത്.
കൈലാഷ് സൈനികനായി അഭിനയിക്കുന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തിനും നല്ല പ്രാധാന്യം ലഭിക്കുന്നുവെന്നത് ഒരു പ്രത്യേകതയാണ്. ശ്രീക്കുട്ടനും ഗായത്രിയും, കൂട്ടുകാരാണ് ഒപ്പം പരസ്പരം പ്രണയിക്കുന്നവരും. വലിയ സാമ്പത്തികസ്ഥിതിയും പ്രതാപവുമുള്ള കുടുംബത്തിലെ അംഗമായ ശ്രീക്കുട്ടന്‍ തെരെഞ്ഞെടുത്തത് ആര്‍മിയിലെ ജോലിയാണ്.
രാഷ്ട്രത്തോടുള്ള സ്‌നേഹവും പ്രതിബദ്ധതയും ശ്രീക്കുട്ടനെ ഈ വിധമാണ് മുന്നോട്ടുനടത്തിയത്. പക്ഷെ അധികം വൈകാതെ ശ്രീക്കുട്ടനെ കാണാതാവുന്നു. അയാളെ കുറിച്ച് യാതൊരുവിവരവുമില്ല. കുടുംബാംഗങ്ങളിലും കൂട്ടുകാരിലും വേദനയുണ്ടാക്കിയ ഈ സംഭവത്തില്‍ ഗായത്രിയ്ക്ക് അടങ്ങിയിരിക്കാനാവുന്നില്ല.
ഗായത്രി ശ്രീക്കുട്ടനുവേണ്ടിയുള്ള അന്വേഷണത്തില്‍ സജീവമായ് ഇടപെടുന്നു. നീതിയ്ക്കുവേണ്ടി നിരവധി വാതിലുകളില്‍ മുട്ടാന്‍ അവള്‍ നിര്‍ബന്ധിതയായി. ഈ ശ്രമങ്ങള്‍ക്കിടയില്‍ ഒരുപാട് തിക്താനുഭവങ്ങള്‍ അവള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. അഭിനയ സാദ്ധ്യതകളുള്ള നായിക കഥാപാത്രത്തെ യാണ് ആദ്യ സംരംഭത്തില്‍ തന്നെ ലഭിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ നക്ഷത്രയെന്ന നായികയ്ക്ക് അഭിമാനിക്കാം.
സുമിത്രയുടെ മൂത്തമകള്‍ ഉമ കുബേരന്‍, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിരുന്നു. സുമിത്ര ഈ ചിത്രത്തില്‍ നായകന്‍ ശ്രീക്കുട്ടന്റെ അമ്മയായ് എത്തുന്നു. അതോടൊപ്പം നിന്നിഷ്ടം എന്നിഷ്ടം നായിക പ്രിയ ഗായത്രിയുടെ അമ്മയായും അഭിനയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല